കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍കുമാറുമായുള്ള തെളിവെടുപ്പ് മാറ്റിവെച്ചു.
കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പോലീസിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതോടെ കേസിന്റെ തുടര്‍നടപടികളും വൈകും. കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയ പോലീസ് സംഘത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോവുകയും വേണം.
കഴിഞ്ഞദിവസം കിരണ്‍കുമാറുമായി പോലീസ് സംഘം വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്കിലും കിരണ്‍കുമാറിന്റെ വീട്ടിലും പന്തളത്തെ കോളേജിലും മറ്റിടങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കിരണിന്റെ വീട്ടില്‍ ഡമ്മി പരീക്ഷണവും നടത്തി. വിസ്മയ മരിച്ച ദിവസമുണ്ടായ രംഗങ്ങള്‍ ഇവിടെ പുനരാവിഷ്‌കരിച്ചു. ശൗചാലയത്തിന്റെ വാതില്‍ തള്ളിത്തുറന്നതടക്കം അന്ന് നടന്ന കാര്യങ്ങളെല്ലാം കിരണ്‍ പോലീസുകാര്‍ക്ക് മുന്നില്‍ കാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.