പ്രാണവായു കിട്ടാതെ മരണങ്ങൾ! ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യ

കോവിഡ്–19 നെതിരായ പോരാട്ടത്തില്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഓക്‌സിജന്‍ ക്ഷാമം. കോവിഡ്–19 ന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രതിരോധം തീർത്ത ഇന്ത്യ മഹാമാരിയുടെ രണ്ടാം വരവിൽ ലോകത്തിനു മുന്നിൽ നാണംകെട്ടു. പ്രാണവായു കിട്ടാതെ നിരവധി പേരാണ് മരിച്ചത്. ഇതോടെ വിവിധ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് അടിയന്തര സഹായവുമായി എത്തിയത്.

പ്രശ്നം രൂക്ഷമായതോടെ സാധ്യമായ എല്ലാ രീതികളും ഉപയോഗിച്ച് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതിയും ആവശ്യപ്പെട്ടത് വിഷയത്തിന്റെ ഗൗരവം വെളിവാക്കുന്നതായിരുന്നു. രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് പിന്നില്‍ പല കാരണങ്ങളാണുള്ളത്. സര്‍ക്കാരുകള്‍ക്ക് പുറമേ പല എന്‍ജിഒകളും ടാറ്റ അടക്കമുള്ള വന്‍കിട കോര്‍പറേറ്റുകള്‍ പോലും ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുൻപാണ് തങ്ങള്‍ ഓക്‌സിജന്‍ ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുമെന്ന് ടാറ്റ അധികൃതര്‍ അറിയിച്ചത്.

നമ്മള്‍ ദൈനംദിനം ശ്വസിക്കുന്ന വായുവില്‍ നിന്നാണ് മെഡിക്കല്‍ ഓക്‌സിജന്‍ ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍ എന്ന പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്നത്. അന്തരീക്ഷവായുവില്‍ നിന്നുള്ള ഓക്‌സിജനേയും നൈട്രജനേയും ദ്രവാവസ്ഥയിലാക്കിയ ശേഷമാണ് എഎസ്‌യു (എയര്‍ സെപറേഷന്‍ യൂണിറ്റ്) കളില്‍ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നത്. ഏതാനും നൂറ് ടണ്ണുകള്‍ മുതല്‍ 20,000 ടണ്‍ വരെ ശേഷിയുള്ളവയാണ് ഓരോ എഎസ്‌യുകളും.

എഎസ്‌യുകള്‍ വഴി നിര്‍മിക്കുന്ന ഓക്‌സിജന്‍ സാധാരണഗതിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഭൂരിഭാഗം ഉപയോഗിച്ചിരുന്നത്. ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിലും ഓക്‌സിജന്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് അഞ്ച് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള വിപണിയാണ് ഓക്‌സിജന്‍ നിര്‍മാണ വ്യവസായത്തിനുള്ളത്. ലോകത്തില്‍ എഎസ്‌യുകള്‍ വഴി ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ 40 ശതമാനവും ഏഷ്യന്‍ വിപണിയിലാണ് വിറ്റഴിയുന്നത്.

ആശുപത്രികളില്‍ പ്രത്യേകമായി നിര്‍മിച്ച പൈപ്പ് ലൈനുകള്‍ വഴിയോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വഴിയോ ആയിരിക്കും ഓക്‌സിജന്‍ രോഗികളിലേക്കെത്തിക്കുക. പല വലുപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഏതാണ്ട് 1.5 മീറ്റര്‍ ഉയരമുള്ള 60 കിലോഗ്രാം ഭാരമുള്ള സിലിണ്ടറാണ് കൂട്ടത്തില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ സിലിണ്ടറിലും ഏതാണ്ട് 7800 ലീറ്റര്‍ ലിക്യുഡ് ഓക്‌സിജനാണുണ്ടാവുക. സാധാരണ കോവിഡ്–19 രോഗിക്ക് ഒരു മിനിറ്റില്‍ 130 ലീറ്റര്‍ ഓക്‌സിജന്‍ ആവശ്യമുണ്ട്. അത് വെച്ച് കണക്കാക്കിയാല്‍ ഏതാണ്ട് ഒരു മണിക്കൂറുകൊണ്ട് ഈ സിലിണ്ടര്‍ കാലിയാവും.

സ്വന്തം നിലക്ക് ഓക്‌സിജന്‍ നിര്‍മിക്കാനും ആശുപത്രികള്‍ക്ക് സാധിക്കും. പ്രഷര്‍ സ്വിങ് അഡ്‌സോര്‍ബ്ഷന്‍ (പിഎസ്‌എ) സംവിധാനം വഴിയാണ് ഇത് സാധ്യമാക്കുന്നത്. അതേസമയം എഎസ്‌യുകള്‍ വഴി ലഭിക്കുന്ന ഓക്‌സിജനെ അപേക്ഷിച്ച് ശുദ്ധത കുറവായിരിക്കും ഇതില്‍. എങ്കില്‍ പോലും ആശുപത്രികളുടെ ഉപയോഗത്തിന് ഇത് മതിയാവുകയും ചെയ്യും.

ആശുപത്രികള്‍ക്കകത്തോ അടുത്തോ ഓക്‌സിജന്‍ നിര്‍മിക്കുന്നത് അധികൃതര്‍ക്ക് ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഏറെ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ചും മൂന്നാമതൊരാളെ ആശ്രയിക്കാതെ മറ്റു ആശുപത്രികളുടെ മത്സരമില്ലാതെ രോഗികള്‍ക്ക് വേണ്ട ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനും ആശുപത്രികള്‍ക്ക് സാധിക്കുമെന്നതാണ് പ്രധാന നേട്ടം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ 162 പിഎസ്‌എ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാറുകള്‍ ക്ഷണിച്ചിരുന്നു. കരാറുകള്‍ ലഭ്യമാക്കാന്‍ മാത്രം ഏതാണ്ട് എട്ട് മാസം എടുത്തു. ഇതില്‍ 33 എണ്ണം മാത്രമേ അന്തിമഘട്ടത്തിലേക്കെത്തിയിട്ടുള്ളൂ. ഇതില്‍ എല്ലാം പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിച്ചിട്ടുമില്ല.

ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്നതും കാര്യക്ഷമമായി ഓക്‌സിജന്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്നതുമാണ് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. പ്രതിദിനം ഏതാണ്ട് 7000 മെട്രിക് ടണ്‍ ഓക്‌സിജനാണ് നമ്മുടെ ഉത്പാദനം. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ആവശ്യമുള്ള ഓക്‌സിജന്‍ 8000 മെട്രിക് ടണ്ണാണെന്നാണ് ഡല്‍ഹി ഹൈക്കോടതി മുൻപാകെ സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നത്. കോവിഡ് 19 ദുരിതകാലത്തിന് മുൻപ് ഇത് വെറും 700 മെട്രിക് ടണ്‍ മാത്രമായിരുന്നു.

വ്യാവസായികാവശ്യത്തിനുള്ള ഓക്‌സിജന്‍ പോലും മെഡിക്കല്‍ ആവശ്യത്തിനായി മാറ്റണമെന്ന നിര്‍ദേശം നല്‍കിയിട്ട് പോലും ആവശ്യത്തിന് ഓക്‌സിജന്‍ രാജ്യത്ത് ലഭ്യമല്ല. ഇത് രാജ്യത്തെ ഓക്‌സിജന്‍ ആവശ്യകതയുടെ യഥാര്‍ഥ കണക്കുകള്‍ ഇതിലും വലുതാണെന്ന സൂചനകളാണ് നല്‍കുന്നത്. പ്രതിദിനം ആവശ്യമുള്ള ഓക്‌സിജനേക്കാള്‍ 3500 മെട്രിക് ടണ്‍ വരെ കുറവ് ഇന്ത്യ നേരിടുന്നുണ്ടെന്നും കരുതപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം അരലക്ഷം ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്താല്‍ പോലും തീരുന്നതല്ല നമ്മുടെ ഓക്‌സിജന്‍ ക്ഷാമം.

ആവശ്യമുള്ളവരിലേക്ക് ഓക്‌സിജന്‍ എത്തിക്കാനാവുന്നില്ലെന്നതാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കണമെങ്കില്‍ പ്രത്യേകം ടാങ്കറുകള്‍ ആവശ്യമാണ്. നിര്‍മിക്കപ്പെടുന്ന ഓക്‌സിജന്‍ വൈകാതെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ ആവശ്യമായ ടാങ്കറുകള്‍ നിലവില്‍ ലഭ്യമല്ല. ഈയൊരു പ്രതിസന്ധി മറികടക്കാനായി ഇത്തരം വാഹനങ്ങള്‍ക്ക് പ്രത്യേക പെര്‍മിറ്റുകള്‍ നല്‍കി വേഗത്തില്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഓക്‌സിജന്‍ നിറക്കുന്നത് അടക്കമുള്ള ജോലികള്‍ 24 മണിക്കൂറുകളും പ്ലാന്റുകളില്‍ നടക്കുന്നു. മറ്റു വാതകങ്ങള്‍ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ടാങ്കറുകള്‍ പോലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ വാഹകരാകുന്നുണ്ട്. അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇവയില്‍ ഓക്‌സിജന്‍ എത്തിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

445428397