ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപുരും ചൈനയും. ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
ആഴ്ചയില്‍ നാലു ലക്ഷം വരെ റംഡെസിവിര്‍ ഡോസ് നല്‍കാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പല്‍ വഴി റഷ്യയില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. പ്രതിദിനം മൂന്നുലക്ഷത്തിലധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ പല ആശുപത്രികളിലും ഓക്‌സിജനും മരുന്നും ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സഹായവാഗ്ദാനം.
ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസഹായങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാണെന്ന് ചൈനയും വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപുര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇന്ത്യ ഓക്‌സിജന്‍ ഇറക്കുമതിക്ക് ശ്രമിക്കുന്നത്. എന്നാല്‍ ചൈനയില്‍നിന്ന് ഇവ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതിരൂക്ഷമായ കോവിഡ് രോഗവ്യാപനം നേരിടുന്ന ഡല്‍ഹിയില്‍ ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചതായും 60ഓളം രോഗികള്‍ ഗുരുതര നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, രാജ്യത്ത് ഓക്‌സിജന്‍ നീക്കത്തിന് വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വ്യോമസേനയുടെ സി 17, ഐഎല്‍ 17 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഒഴിഞ്ഞ സിലിണ്ടറുകള്‍ വ്യോമസേനാ വിമാനങ്ങളില്‍ കൊണ്ടുപോകും. ഓക്‌സിജന്‍ നിറച്ച ശേഷം റോഡ് മാര്‍ഗം തിരികെ കൊണ്ടുവരും.
ജര്‍മനിയില്‍നിന്ന് മൊബൈല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. 23 മൊബൈല്‍ പ്ലാന്റുകള്‍ കൊണ്ടുവരാനാണ് തീരുമാനം