തൃശൂരില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റു; രോഗിയെ കട്ടിലില്‍ കെട്ടിയിട്ടതായും പരാതി

തൃശൂര്‍: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചെന്ന വെളിപ്പെടുത്തിനു പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ വയോധികയ്ക്കു കട്ടിലില്‍നിന്നു വീണു പരുക്കേറ്റതായി പരാതി.
കൂട്ടിരിപ്പിന് ആരുമില്ലായിരുന്ന രോഗിയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് സ്വദേശി കുഞ്ഞു ബീവി(67)ക്കാണ് പരുക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കലക്ടര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

കുഞ്ഞുബീവി ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരെയും കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കുട്ടനെല്ലൂരിലെ കോവിഡ് സെന്ററിലേക്കു മാറ്റിയിരുന്നു. ആദ്യം പോസിറ്റീവായ ഗൃഹനാഥന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 18ന് അര്‍ധരാത്രി കുഞ്ഞുബീവിക്ക് രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ധിച്ചതടക്കം ആരോഗ്യനില വഷളായി. ഇതേത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളില്‍ മറ്റുള്ളവര്‍ കോവിഡ് നിരീക്ഷണത്തിലായതിനാല്‍ കോവിഡ് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.പിറ്റേന്ന് ഉച്ചയോടെ കോവിഡ് പരിശോധനയ്ക്കുശേഷം വാര്‍ഡിലെത്തിയപ്പോള്‍, നിലത്തുവീണു മുഖത്തു പരുക്കേറ്റു രക്തംനിറഞ്ഞ നിലയിലാണ് കുഞ്ഞുബീവിയെ കണ്ടതെന്നു ബന്ധുക്കള്‍ പറഞ്ഞു.

follow us pathram online

pathram:
Leave a Comment