താരങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ‘അമ്മ’യ്ക്കു നിബന്ധനല്ല ഇല്ല: ടിനി ടോം

സിനിമാ താരങ്ങൾ പ്രതിഫലം കൂടുതൽ ചോദിക്കുന്നതും കുറയ്ക്കുന്നതും സ്വന്തം ഇഷ്ടപ്രകാരമെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ടിനി ടോം. കോവിഡ് പ്രതിസന്ധി നിലനിൽക്കെ പ്രതിഫലം കൂട്ടിയ താരങ്ങളുടെ സിനിമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിർമാതാക്കളുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിഫലം വാങ്ങുന്നത് താരങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത്ര രൂപ കുറക്കണമെന്നോ, ഇത്ര രൂപയ്ക്ക് ചെയ്യണമെന്നോ ‘അമ്മ’ സംഘടന പറഞ്ഞിട്ടില്ല. ‘അമ്മ’ അങ്ങനെ ഒരു നിബന്ധനയും വച്ചിട്ടില്ല. കൂട്ടുന്നതും കുറയ്ക്കുന്നതും താരങ്ങളുടെ ഇഷ്ടമാണ്. ചില താരങ്ങൾ പ്രതിഫലം കൂട്ടി ചോദിക്കുന്നത് അവർ കഷ്ടപ്പെട്ടുണ്ടാക്കിയ മാർക്കറ്റ് കൊണ്ടായിരിക്കും, അവർ അത് ചോദിക്കുന്നതിന് കാരണമുണ്ടാകും.

‘അതിൽ എന്തെങ്കിലും വിപരീതാഭിപ്രായം നിർമാതാവിനുണ്ടായാൽ, അത് അവർ തമ്മിൽ സംസാരിച്ചു തീർക്കുകയാണ് വേണ്ടത്. ‘അമ്മ’ ആരെയും ഒന്നും അടിച്ചേൽപ്പിക്കാറില്ല, ഇത് ഒരു കമ്പനി ജോലി ഒന്നും അല്ലല്ലോ. ഈയിടെ ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി ഞാൻ ഒരു സിനിമ ചെയ്തിരുന്നു.’

‘ഒടിടി പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ വലിയ പ്രതിഫലം ചോദിക്കുക സാധ്യമല്ല. ഞാനും ആ സമയത്തെ സാഹചര്യം അനുസരിച്ചായിരിക്കും പ്രതിഫലം ചോദിക്കുക. എനിക്ക് എന്താണ് അവകാശപ്പെട്ടത്, അത് പ്രൊഡ്യൂസർ തരും. ഞാൻ ചോദിക്കുന്നത് കൂടുതൽ ആണെങ്കിൽ എന്നെ വേണ്ടെന്നു വച്ചിട്ട് അവർ പകരം ആളെ വയ്ക്കും.’

‘പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അഭിപ്രായം അവർ പറയുന്നു, പ്രതിഫലം കൂട്ടി ചോദിക്കുന്നവരെ അഭിനയിപ്പിക്കണോ വേണ്ടയോ എന്നൊക്കെ അവർക്കു തീരുമാനിക്കാം. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ‘അമ്മ’ യോഗം ചേർന്നിട്ടില്ല.’–ടിനി ടോം വ്യക്തമാക്കി.

pathram desk 1:
Leave a Comment