ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്; സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ ! ഫിയോക്കിനെതിരേ ആഷിഖ് അബു

തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്ന പേരിലാണ് ആഷിഖ് സമൂഹമാധ്യമങ്ങളിലൂടെ പരോക്ഷമായ വിമർശനം ഉന്നയിച്ചത്.

പൈറസി ഭീഷണി നേരിടുന്നതിനാലാണ് ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്ന് ഫിയോക്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മറ്റ് സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചാൽ ഭാവിയിൽ സഹകരിക്കില്ലെന്നും ഫിയോക്കിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

‘ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ !’: ആഷിഖ് അബു കുറിച്ചു.

ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി എന്നായിരുന്നു ഈ വിഷയത്തിൽ നിർമാതാവ് ആഷിഖ് ഉസ്മാന്റെ പ്രതികരണം. ഫിയോക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പകർപ്പ് പങ്കുവച്ചായിരുന്നു ആഷിഖിന്റെ വാക്കുകൾ.

ആന്റോ ജോസഫ് നിർമിക്കുന്ന ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രത്തിൽ ടൊവീനോ തോമസ് ആണ് നായകൻ. നേരത്തെ സിനിമയുടെ ചില ഭാഗങ്ങൾ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലീക്കായി പുറത്തുവന്നിരുന്നു. ചിത്രം പൈറസി ഭീഷണി നേരിട്ട സാഹചര്യത്തിലാണ് തിയറ്റർ സംഘടന ഡിജിറ്റൽ റിലീസിന് സമ്മതം മൂളിയത്.

ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങൾ ഒടിടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ, അതിന്റെ നിർമാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.

സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ആന്റോ ജോസഫ് ഫിയോക്കിന് കത്ത് നൽകിയിരുന്നതായി ഫിയോക് വൈസ് പ്രസിഡന്റ് സോണി തോമസ് പറഞ്ഞു. ‘ഒരു കാരണവശാലും പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നും പൈറസി ഭീഷണിയുള്ള സിനിമയായതിനാൽ തന്റെ സിനിമ ആരും എടുക്കാതിരിക്കുന്ന അവസ്ഥ വരുമെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. ഡിജിപിക്കു നൽകിയ പരാതിയുടെ കോപ്പിയും മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പകർപ്പും കത്തിനൊപ്പം ഉണ്ടായിരുന്നു.

‘ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഫിയോക് ഈ വിഷയത്തിൽ ചർച്ച വച്ചു. ആന്റോയുടെ പ്രശ്നം ​ഞങ്ങൾ മനസിലാക്കി. പക്ഷേ കുറച്ച് നിബന്ധനകൾ വച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ തിയറ്റർ ഉടമകളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യമായി നിർവഹിക്കണമെന്ന് അറിയിച്ചു. മാത്രമല്ല ആന്റോ തന്നെ മറ്റേതെങ്കിലും സിനിമയുമായി ഒടിടി റിലീസിന് മുന്നിട്ടിറങ്ങിയാൽ യാതൊരു രീതിയിലും ഭാവിയിൽ സഹകരിക്കില്ലെന്നും വ്യക്തമാക്കി. ഞങ്ങളുടെ എതിർപ്പ് അറിയിച്ചു തന്നെയാണ് ഈ സിനിമയ്ക്ക് ഒടിടി റിലീസ് അനുവദിച്ചത്.’–സോണി പറയുന്നു.

‘സാമ്പത്തിക ബുദ്ധിമുട്ടും ൈപറസി ഭീഷണിയും നിലനിൽക്കുന്ന ഒരു ചിത്രത്തിന്റെ നിർമാതാവിനെ ഇങ്ങനെയല്ലേ സഹായിക്കാനാകൂ. അദ്ദേഹത്തിന്റെ ചിത്രം ഞങ്ങൾ എടുത്താൽ തന്നെ എവിടെ റിലീസ് ചെയ്യും. അതുകൊണ്ടാണ് മനസില്ലാ മനസോടെ ഇത് സമ്മതിച്ചത് തന്നെ. സമാനമായ പ്രശ്നങ്ങളുമായി മറ്റാര് സമീപിച്ചാലും ഇതേ നിലപാട് തന്നെയായിരിക്കും ഞങ്ങൾ എടുക്കുക. ഒരു കാര്യമുണ്ട്, നമ്മുടെ വിഷമകാലങ്ങളിൽ കൂടെ നിൽക്കുന്നവർക്കാണ് എല്ലാകാര്യത്തിലും മുൻഗണന നൽകുക. ഒടിടി ഒരു കെണിയാണ്. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന നിർമാതാക്കൾക്ക് താൽക്കാലികമായി ഇതൊരു സഹായമായിരിക്കും. പക്ഷേ ഈ പ്രവണത സിനിമാ ഇൻഡസ്ട്രിയെ മാത്രമല്ല മലയാളികളുടെ സിനിമാ ശീലങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കും.’–സോണി വ്യക്തമാക്കി.

വിജയ് ബാബു നിർമിച്ച് ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് മലയാളത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം. വിജയ് ബാബു, ജയസൂര്യ എന്നിവരുടെ ഭാവി പ്രോജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം. ഇതിനെ തുടർന്ന് ഒടിടി റിലീസിൽ നിന്ന് പല നിർമാതാക്കളും പിന്നോട്ട് പോയി.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പടെയുളളവർ സംഘടനയുടെ നിലപാടിനെ എതിർത്ത് പരസ്യമായി രംഗത്തുവന്നു. ചിത്രത്തിന് ജനപിന്തുണ കുറഞ്ഞാലുടൻ തിയറ്ററുകളിൽ നിന്ന് നീക്കുന്നവർ, ഡിജിറ്റൽ റിലീസിനെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഷിഖ് അബുവിന്റെ വിമർശനം.

Similar Articles

Comments

Advertismentspot_img

Most Popular