തിരുവനന്തപുരം:ഫോണില് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറയിലെ ജസീനമന്‍സിലില്‍ ഹമീദ് ഖാന്റെമകനായ കയില്‍ എന്ന് വിളിക്കുന്ന മുഹമ്മദ് സുഹൈല്‍ ഖാന്‍ (19), സുഹൃത്ത് ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ രാധാകൃഷ്ണന്റെ വിഷ്ണു (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാട്സ് ആപ്പിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ഇവര്‍ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിന്റെ വീട്ടില്‍ എത്തിച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇതിന് പുറമേ ഈ പെണ്‍കുട്ടികളില്‍ നിന്നും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളില്‍ അവരെയും കൊണ്ട് കറങ്ങി നടക്കുകയും ചെയ്യും എന്ന് പോലീസ് പറയുന്നു.
ഈ സംഘത്തിന്റെ വലയില്‍ കൂടുതലായി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും അന്വേഷണം നടത്തി വരികയാണ്. നിലവില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുഹൈല്‍ ഖാനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനില്‍ രണ്ട് പോക്സോ കേസ് നിലവിലുണ്ട്. കേരളാ പോലീസിന്റെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.