കോവിഡ് വന്നാല്‍ നടപടി; വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഇടുക്കി പൊലീസ്

ഇടുക്കി: കോവിഡ് ബാധിക്കുകയോ ക്വാറന്റീനില്‍ പോവുകയോ ചെയ്താല്‍ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ഇടുക്കി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ കട്ടപ്പന ഡിവൈഎസ്പിമാര്‍ ഇന്നലെ ഇറക്കിയ സര്‍ക്കുലര്‍ ആണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നല്‍കുന്ന പൊലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന ആക്ഷേപം ശക്തമായി.

കോവിഡ് കാലമാണെങ്കിലും റോഡില്‍ നല്ല തിരക്കും കാണാം. ഈ കത്തുന്ന ചൂടിലും ഗതാഗതം നിയന്ത്രിക്കാനും, ടൗണില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുമെല്ലാം പൊലീസുകാരെ ഉള്ളു. കോവിഡ് എന്ന മഹാമാരിയെ തോല്‍പ്പിക്കാന്‍ മറ്റെല്ലാ വകുപ്പുകള്‍ക്കുമൊപ്പം തോളോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇടുക്കിയിലെ പൊലീസുകാര്‍ ഇന്നലെ ഒന്ന് ഞെട്ടി. കോവിഡ് ബാധിച്ചാലോ ക്വാറന്റീനില്‍ പോകേണ്ടി വന്നാലോ സ്വന്തം ചിലവില്‍ ചികിത്സിക്കണം, ഒപ്പം വകുപ്പുതല നടപടിയും ഉറപ്പ്.

തൊടുപുഴ ഡിവൈഎസ്പിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയുമാണ് നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡിവൈഎസ്പിമാരുടെ വിവാദ സര്‍ക്കുലര്‍ പുറത്തുവന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുന്നതാണ് ഉത്തരവെന്നു ആക്ഷേപം ശക്തമാണ്‌

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7