അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം തന്നു; ഇപ്പോള്‍ നിരവധി പേര്‍ ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചുപോകാന്‍ പറ്റുമോ എന്നറിയില്ല: വര്‍ഷ

അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ ദിവസങ്ങൾക്കു മുൻപ് മലയാളി വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് വർഷ വീണ്ടുമെത്തുകയാണ്. കാരണക്കാർ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ തന്നെ.

വർഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവർ ഇപ്പോൾ ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നു.

സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ േകച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വിഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികിൽസയ്ക്കായി ലഭിച്ച പണത്തിൽ നിന്നും അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. ഇതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു.

ഇനിയും ഒരുപാട് പണം അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണം എന്നു പറഞ്ഞ് ഒരുകൂട്ടർ എത്തുന്നത്. പണം ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വർഷയെ കുറിച്ച് സാജൻ കേച്ചേരിയും ഫെയ്സ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരുപാട് പേർ വർഷയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്.

follow us: PATHTRAM ONLINE

pathram:
Related Post
Leave a Comment