കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും ; തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ അറസ്റ്റില്‍

നെടുങ്കണ്ടം: ഉടുമ്പന്‍ ചോലയ്ക്കു സമീപം സ്വകാര്യ റിസോര്‍ട്ടില്‍ കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ സംഭവത്തില്‍ തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ റോയി കുര്യനടക്കം 21 പേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി 11 മണിയോടുകൂടി അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

47 പേര്‍ക്കെതിരെ ശാന്തന്‍പാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പഞ്ചായത്തിനു നിര്‍ദേശം നല്‍കിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു നടത്തിയ പാര്‍ട്ടിയെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ എണ്ണം, രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളാണു കൈമാറിയത്. നിശാ പാര്‍ട്ടിയില്‍ അനുമതിയില്ലാതെ മദ്യം എത്തിച്ചതും ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ട്. ഉടുമ്പന്‍ചോല ചതുരംഗപ്പാറയില്‍ ആരംഭിച്ച തണ്ണിക്കോട്ട് മെറ്റല്‍സ് ആന്‍ഡ് ഗ്രാനൈറ്റ്‌സിന്റെയും തമിഴ്‌നാട്ടിലെ കമ്പത്ത് ആരംഭിക്കുന്ന ക്വാറിയുടെയും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 28ന് ആണ് നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് മുംബൈയില്‍ നിന്ന് യുക്രെയ്ന്‍ നര്‍ത്തകിമാരെത്തിയതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular