പബ്ജി ഇന്ത്യയില്‍ നിരോധിക്കാത്തതിന് കാരണം ഇതാണ്..

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സ്മാര്‍ട്ഫോണ്‍ ഗെയിമുകളാണ് പബ്ജി ( പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് ) മൊബൈലും കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലും. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് ശേഷം പലരുടെയും സംശയമാണ് പബ്ജിയും കോള്‍ ഓഫ് ഡ്യൂട്ടിയും നിരോധിക്കാത്തത് എന്തുകൊണ്ടാണ് എന്നത്.

ഈ ഗെയിമുകള്‍ തുറക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ടെന്‍സെന്റ് എന്ന പേര് തന്നെയാണ് ഈ സംശയത്തിനുള്ള മുഖ്യകാരണം. ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, വിനോദങ്ങള്‍ നിര്‍മിതബുദ്ധി, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ചൈനിസ് ബഹുരാഷ്ട്ര കമ്പനിയാണ് ടെന്‍സെന്റ്.

ഒരു ചൈനീസ് കമ്പനി ഇന്ത്യയിലെത്തിച്ച ഗെയിമുകളായിട്ടും അവ എന്തുകൊണ്ട് നിരോധിക്കപ്പെട്ടില്ല എന്ന് ചിലര്‍ ചോദിക്കുന്നു.

പബ്ജി വികസിപ്പിച്ചതും കൈകാര്യം ചെയ്യുന്നതും ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഹോള്‍ എന്ന കമ്പനിയുടെ സഹസ്ഥാപനമായ പബ്ജി കോര്‍പറേഷനാണ്. ഗെയിം വലിയ വിജയമായപ്പോഴാണ് ടെന്‍സെന്റ് രംഗപ്രവേശം ചെയ്യുന്നത്. പബ്ജി ചൈനയിലെത്തിക്കുന്നതിന് വേണ്ടിയാണ് ടെന്‍സന്റ് പബ്ജി കോര്‍പറേഷനെ സമീപിക്കുന്നത്. ചൈനയില്‍ ഗെയിം വലിയ വിജയമായതിന് പിന്നാലെയാണ് ടെന്‍സെന്റ് പബ്ജിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.

കോള്‍ ഓഫ് ഡ്യൂട്ടിയുടെ കാര്യവും ഇങ്ങനെതന്നെ. കാലിഫോര്‍ണിയയില്‍ നിന്നുള്ള ആക്ടിവിഷന്‍ ബ്ലിസാര്‍ഡ് എന്ന കമ്പനിയുടെ ഉപസ്ഥാപനമായ ആക്ടിവിഷനാണ് കോള്‍ ഓഫ് ഡ്യൂട്ടി മൊബൈലിന്റെ പിന്നിലുള്ളത്. ടെന്‍സെന്റ് ഗെയിംസിന്റെ സഹസ്ഥാപനമായ ടിമി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ഗെയിം ഇന്ത്യയിലെത്തിയത്.

എങ്കിലും പങ്കാളിത്തത്തോടെയുള്ള ഉടമസ്ഥതയും ഐപി രജിസ്ട്രേഷനും മാത്രം കണക്കിലെടുത്താണ് അവ നിരോധിക്കപ്പെടാത്തത് എന്ന് പറയാനാവില്ല. അതിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പൂര്‍ണമായും ചൈനീസ് ഉല്‍പ്പന്നങ്ങളല്ല എന്നത് ഈ ഗെയിമുകളെ പ്രതിക്കൂട്ടിലാവാതെ രക്ഷിച്ചിരിക്കാം.

ഏത് രാജ്യത്ത് നിന്നുള്ള മൊബൈല്‍ ആപ്പുകളാണെങ്കിലും അവ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വിധേയമാണ്. ഉപയോക്താക്കളുടെ ഗെയിമുകളോടുള്ള അമിതാസക്തിയും അതുമായി ബന്ധപ്പെട്ട കേസുകളും ഒഴിച്ചാല്‍ നിലവില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ലംഘനങ്ങളൊന്നും ഈ ആപ്ലിക്കേഷനുകള്‍ക്ക് നേരെ ആരോപിക്കപ്പെട്ടിട്ടുമില്ല.

അതേസമയം പബ്ജി പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി നിരോധിച്ച വിവരം അറിയിച്ചിരിക്കുന്നത്. കുട്ടികളില്‍ പബ്ജി ഗുരുതരമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് അക്സസ് ആണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. പബ്ജിയിലെ മിഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തിന്റെ പേരില്‍ ലാഹോറില്‍ 16 കാരന്‍ കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ലാഹോര്‍ പൊലീസ് ശുപാര്‍ശ ചെയ്തിരുന്നതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പബ്ജിയെക്കുറിച്ചുള്ള പരാതികള്‍ കേട്ട ലാഹോര്‍ ഹൈ കോര്‍ട്ട് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയോട് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഈ മാസം ഒന്‍പതിന് പരിഗണിക്കാനിരിക്കെയാണ് താത്കാലികമായി പബ്ജി നിരോധിച്ചിരിക്കുന്നത്.

2017 ല്‍ ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്സിഡിയറിയായ പബ്ജി കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ബാറ്റില്‍ റോയല്‍ ഗെയിമായിരുന്നു പ്ലെയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് ( പബ്ജി). അതിജീവനം ആശയമാക്കിയുള്ള ഗെയിമായിരുന്നു ഇത്. പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ മാത്രം ലഭിച്ചിരുന്ന പബ്ജി ഗെയിം സ്മാര്‍ട്ട്ഫോണുകളിലേക്കും എത്തിയതോടെ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular