ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ സാധാരണ ചികിത്സയുടെ ഭാഗമായി പ്ലാസ്മ തെറപ്പി നടത്തുന്നതു വിലക്കി കേന്ദ്രം. ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ചു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്. കോവിഡ് രോഗികളില്‍നിന്നു പ്ലാസ്മ ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് തുടങ്ങുന്നതിനടക്കം നടപടികളുമായി പല സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നതിനിടെയാണിത്. ചികിത്സ ഫലപ്രദമാണെന്നു തെളിഞ്ഞ ശേഷമേ രോഗികളില്‍നിന്നു പ്ലാസ്മ സ്വീകരിക്കാവൂ എന്ന് ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ മാര്‍ഗരേഖ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അടക്കം സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചാലേ ഇതു ചികിത്സയായി അംഗീകരിക്കാന്‍ കഴിയൂ എന്നു മാര്‍ഗരേഖ വ്യക്തമാക്കുന്നു.
ഐസിഎംആര്‍ നടത്തുന്ന പ്ലാസ്മ പരീക്ഷണത്തിന്റെ ആദ്യഫലങ്ങള്‍ ശുഭകരമല്ലെന്നു വിവരം. 452 പേര്‍ പങ്കെടുക്കുന്ന ട്രയലില്‍ മുന്നൂറോളം പേര്‍ക്കു പ്ലാസ്മ നല്‍കിയതു ഗുണകരമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഐസിഎംആര്‍ തയാറായില്ല.