ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ എഡിറ്റര്‍ ഹു ഷിന്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തില്‍ പരിഗണിക്കുന്നത്. വിവരങ്ങള്‍ ശരിയായ സമയത്ത് സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. നായകന്മാരെ അര്‍ഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓര്‍മിക്കാനും കഴിയും’ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടേതില്‍നിന്ന് വ്യത്യസ്തമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളായ രക്തസാക്ഷികള്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടില്ലെന്നതില്‍ അവരുടെ കുടുംബങ്ങള്‍ പ്രകോപിതരാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലഡാക്കില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപതില്‍ താഴെ പിഎല്‍എ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബല്‍ ടൈംസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഷി ജിന്‍പിങ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കടുത്ത മൗനം പാലിക്കുകയാണ്. പിഎല്‍എ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഹു എഴുതി, ‘ചൈനയുടെ സുരക്ഷയും അതിര്‍ത്തിയിലെ ശാന്തതയും അവരെ ആശ്രയിച്ചിരിക്കുന്നു. മരിച്ചയാളെക്കുറിച്ച് ഇതുവരെ ചൈനീസ് സൈന്യം ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മുന്‍ സൈനികനും മാധ്യമ പ്രഫഷനലും എന്ന നിലയില്‍, ഇരു രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയില്‍ പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള ഉചിതമായ നീക്കമാണിതെന്നു മനസ്സിലാക്കുന്നു.
കുറഞ്ഞത് 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിലും 16 ചൈനീസ് സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ത്യ കൈമാറിയതിനെയും ‘ചോദ്യം ചെയ്യാത്ത കിംവദന്തികള്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനീസ് ജനതയുടെ നിശ്ചയദാര്‍ഢ്യത്തെയും നേട്ടങ്ങളെയും എപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന ഇന്ത്യന്‍ ഭാഗത്തിന് ഒരു പാഠം പഠിപ്പിക്കാന്‍ പിഎല്‍എയ്ക്കു സാധിച്ചിരിക്കുന്നു. ആവശ്യമുള്ളപ്പോള്‍ ബലപ്രയോഗം നടത്താനുള്ള കരുത്തും ദൃഢനിശ്ചയവും പിഎല്‍എ പ്രകടിപ്പിച്ചു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള കഴിവ് കാണിക്കുക മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തേക്കാള്‍ മാനസിക നേട്ടവും നേടാനായി. 30 വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യാത്ത പിഎല്‍എ, യുദ്ധം ചെയ്യാന്‍ അറിയാത്ത സൈന്യമാണെന്ന് ഇന്ത്യയിലെ ചിലര്‍ പ്രസംഗിക്കുന്നു. അവരുടെ പൊങ്ങച്ചം ഇപ്പോള്‍ മാറിയിരിക്കും. ആരാണ് മുട്ട, ആരാണ് പാറ എന്ന് ഇപ്പോള്‍ വ്യക്തമാണ് അദ്ദേഹം എഴുതി.