ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരെയും പോലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ദുരിതകാലമായിരുന്നു. അങ്ങിനെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമാവട്ടെ എന്നു കരുതി ഒരു യുവാവ് ചെയ്ത സംഭവങ്ങളാണ് ഇ്‌പ്പോള്‍ വാര്‍ത്തയാകുന്നത്. പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം രൂപ ഏല്‍പിച്ച് ഓട്ടോറിക്ഷകള്‍ക്കെല്ലാം 5 ലീറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കാന്‍ യുവാവ് നിര്‍ദേശിച്ചു.
കൊറോണക്കാലത്ത് ലോക്ഡൗണ്‍ മൂലം ഓട്ടോ ഡ്രൈവര്‍മാരെല്ലാം പ്രതിസന്ധിയിലാണെന്നു അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നു കൂടി പറഞ്ഞതോടെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ കൂടുതലൊന്നും ആലോചിച്ചില്ല. മാത്രമല്ല ഓട്ടോ ഡ്രൈവറായ യുവാവ് പലപ്പോഴും ഇവിടെ ഇന്ധനം നിറയ്ക്കാന്‍ വരാറുള്ളയാളാണ്. കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. യുവാവിന്റെ സന്മനസിന് ഭാഗമാകാന്‍ പമ്പ് ജീവനക്കാരും റെഡിയായി.
പെരിന്തല്‍മണ്ണ- കോഴിക്കോട് റോഡിലെ പെട്രോള്‍ പമ്പില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തൊട്ടുപിറകെ പെട്രോള്‍ പമ്പില്‍ പണം നല്‍കി ഇന്ധനം നിറയ്ക്കാന്‍ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറോട് പമ്പിലെ ജീവനക്കാര്‍ പണം വേണ്ടെന്നും 5 ലീറ്റര്‍ പെട്രോള്‍ സൗജന്യമാണെന്നും പറഞ്ഞു. സൗജന്യമായി പെട്രോള്‍ അടിച്ച് പുറത്തിറങ്ങിയ ഓട്ടോ ഡ്രൈവര്‍ വിവരം എല്ലാവരോടും പറഞ്ഞു. ഓട്ടോ തൊഴിലാളികളുടെ വാട്‌സാപ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും സന്ദേശം വൈറലായി.
കേട്ടവര്‍ കേട്ടവര്‍ പെട്രോള്‍ പമ്പിലേക്ക് പറന്നെത്തി. തിക്കും തിരക്കും മൂലം പമ്പിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതു വരെയെത്തി കാര്യങ്ങള്‍. ഓട്ടോറിക്ഷകളുടെ വരി ദേശീയപാതയില്‍ ബൈപാസ് റോഡു വരെയെത്തി.
ജൂബിലി റോഡ് സ്വദേശിയായ യുവാവ് ചെറിയ തോതില്‍ മനോദൗര്‍ബല്യമുള്ള ആളാണെന്നു പിന്നീടാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഭൂമി വില്‍പന നടത്തിയ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതുമായാണു യുവാവ് പെട്രോള്‍ പമ്പിലെത്തിയത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരനായ മകന്‍ വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ യുവാവ് താന്‍ പ്രകടിപ്പിച്ച സന്മനസ്സ് വെളിപ്പെടുത്തി.
അടുത്ത ബന്ധു സൗജന്യമായി പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച് എത്തുക കൂടി ചെയ്തതോടെയാണു വീട്ടുകാര്‍ക്കു കാര്യം മനസ്സിലായത്. ഉടന്‍ ബന്ധുക്കള്‍ പമ്പിലെത്തി വിവരം പറഞ്ഞു. സൗജന്യ ഇന്ധന വിതരണം ഇതോടെ നിര്‍ത്തിവച്ചു. അപ്പോഴേക്കും നൂറോളം പേര്‍ക്ക് 5 ലീറ്റര്‍ വീതം വിതരണം ചെയ്തു കഴിഞ്ഞിരുന്നു. ശേഷിച്ച 63,000 രൂപ ബന്ധുക്കള്‍ക്കു കൈമാറി. സൗജന്യ ഇന്ധനം നല്‍കിയ ഓട്ടോറിക്ഷക്കാരുടെ വാഹന നമ്പറും വിവരങ്ങളും കടക്കാര്‍ യുവാവിനു കൈമാറാനായി സൂക്ഷിച്ചിരുന്നു. ഇത് ആശ്വാസമായി. യുവാവിന്റെ ബന്ധുക്കള്‍ ഇന്ധനം അടിച്ച ഓട്ടോറിക്ഷാ തൊഴിലാളികളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുവാവിന്റെയും വീട്ടുകാരുടെയും അവസ്ഥ മനസിലാക്കിയതുകൊണ്ട് പണം തിരിച്ചേല്‍പ്പിക്കാന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
follow us: PATHRAM ONLINE DAILYHUNT
Leave a Comment