ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരന്‍

ദുബായ് : തന്റെ കമ്പനി ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലേയ്ക്ക് സൗജന്യ യാത്ര ഒരുക്കി മലയാളി ബിസിനസുകാരന്‍. ഇവരെ കൂടാതെ, വിമാന ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിലായ പുറത്തുനിന്നുള്ള അമ്പതോളം പേര്‍ക്കും അവസരം നല്‍കി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ജീവനക്കാര്‍ക്കാണ് ഉടമ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര്‍. ഹരികുമാര്‍ കോവിഡ് 19 ദുരിതകാലത്ത് തുണയായത്. ജീവനക്കാരായ 120 പേരടക്കം 170 യാത്രക്കാരുമായി ജി9 427 എയര്‍ അറേബ്യ വിമാനം യുഎഇ സമയം ഇന്ന് വൈകിട്ട് 4ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടും. എല്ലാവരും വിമാനത്താവളത്തിലെത്തിക്കഴിഞ്ഞു.

എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴിലുള്ള 12 കമ്പനികളിലെ മലയാളി ജീവനക്കാരാണ് യാത്രതിരിക്കുക. ഇവര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ്, സുരക്ഷാ കവറോള്‍, സാനിറ്റൈസര്‍ എന്നിവയടക്കമുള്ള പിപിഇ കിറ്റുകള്‍ നല്‍കി. കൂടാതെ, അവരവരുടെ വീടുകളിലേയ്ക്ക് എത്താനുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാര്‍ പോകുന്നത്. ഒരു മാസത്തെ അവധിക്കാല ശമ്പളവും നല്‍കി. കോവിഡ് അകന്ന് സാധാരണ നിലയിലാകുമ്പോള്‍ ഇവരെയെല്ലാം തിരിച്ചുകൊണ്ടുവരും. കൂടാതെ, നാട്ടില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ജീവനക്കാരെ സഹായിക്കുകയും ചെയ്യും.

താത്പര്യമുള്ളവര്‍ക്ക് തന്റെ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി അനുഭവിച്ചുവരുന്ന മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചിതരാകാന്‍ ജീവനക്കാര്‍ക്ക് ഇതോടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. എലൈറ്റ് ഗ്രൂപ്പിന് കീഴില്‍ 12 കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരില്‍ 900 പേരും മലയാളികളാണ്. മിക്കവരും 15 വര്‍ഷത്തിലേറെയായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു.

ഞങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് ജീവനക്കാര്‍

കോവിഡിനെ പേടിച്ചുകൊണ്ടിരുന്ന സമയത്ത് തങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും സുരക്ഷിതരായി താമസിപ്പിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. ഇപ്പോള്‍ നാട്ടിലേയ്ക്ക് പോകാനുള്ള സൗജന്യയാത്ര ഒരുക്കുകയും ചെയ്തതില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഒരുകാലത്ത് കേരളത്തില്‍ നാടകവേദികളില്‍ നിറഞ്ഞുനിന്നിരുന്ന ഹരികുമാര്‍ പിന്നീട് സൗദിയില്‍ ജോലി തേടിച്ചെല്ലുകയും ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയുമായിരുന്നു. ഭാര്യ: കലാ ഹരികുമാര്‍. മക്കളായ സൗമ്യ ഹരികുമാര്‍, ലക്ഷ്മി ഹരികുമാര്‍ എന്നിവര്‍ ഡോക്ടര്‍മാരാണ്.

follow us: pathram online latest news

pathram:
Related Post
Leave a Comment