തിരുവനന്തപുരം മെഡി.കോളേജിലെ വീഴ്ചകള്‍; ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ല് വില

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിക്കു ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടും പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ ശാശ്വതപരിഹാരം കാണുന്നില്ല. മന്ത്രി കെ.കെ.ശൈലജ ആശുപത്രി അധികൃതരുടെ യോഗം വിളിച്ചു കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് ചികിത്സയ്ക്കു വേണ്ടത്ര സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനായി കൂടുതലും മെഡിക്കല്‍ പിജി വിദ്യാര്‍ഥികളെയാണു നിയോഗിച്ചിരിക്കുന്നത്.

ചികിത്സയിലായിരുന്ന 2 പേര്‍ ആത്മഹത്യ ചെയ്തതിനാല്‍ ഇവിടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്നലെ തീരുമാനിച്ചു. എന്നാല്‍ ഇവിടെ നിന്നു രോഗം പകരുന്നതിനും മറ്റു വീഴ്ചകള്‍ക്കും ഇനിയും നടപടി ഉണ്ടായിട്ടില്ല. കോവിഡ് വാര്‍ഡുകളുടെ ചുമതലയുള്ളവര്‍ ഉത്തരവാദിത്തം നിറവേറ്റാത്തതാണു വീഴ്ചകളുടെ തുടര്‍ച്ചയ്ക്കു കാരണമാകുന്നത്. എന്നാല്‍ ആശുപത്രി സൂപ്രണ്ടിനുമേല്‍ കുറ്റം ചാര്‍ത്തി വീഴ്ചകളെ മറച്ചുവയ്ക്കാന്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ ആദ്യ കോവിഡ് സ്ഥിരീകരണം മുതല്‍ വീഴ്ചകളുടെ പരമ്പരയാണു സംഭവിച്ചത്.

ഇറ്റലിയില്‍ നിന്നെത്തിയ വെള്ളനാട് സ്വദേശി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞപ്പോള്‍ രോഗലക്ഷണങ്ങളെത്തുടര്‍ന്നു മാര്‍ച്ച് 13ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നു. ഇയാളുടെ സ്രവം എടുത്തശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് അയച്ചു. പിറ്റേന്നു ഫലം പോസിറ്റീവായപ്പോഴാണ് ഈ രോഗിയുടെ യാത്ര വിവാദമായത്.

ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സമ്പര്‍ക്കത്തിലായവര്‍ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് അത്യധ്വാനം നടത്തേണ്ടിവന്നു. പോത്തന്‍കോട് സ്വദേശിയും റിട്ട.എഎസ്‌ഐയുമായ അബ്ദുല്‍ അസീസിന്റെ (68) മരണമാണ് ആശുപത്രിയില്‍ നിന്ന് കോവിഡ് ബാധിക്കുന്നുവെന്ന സംശയം ഉയര്‍ത്തിയത്. വെന്റിലേറ്ററില്‍ കഴിഞ്ഞ അബ്ദുല്‍ അസീസിനു രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ജൂണ്‍ 3നു മരിച്ച നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി.വര്‍ഗീസ് (77) കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിലും ആശുപത്രിയാണു പ്രതിക്കൂട്ടില്‍.

ഏപ്രില്‍ 20നു വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ മേയ് 20നു പേരൂര്‍ക്കട ജില്ല ആശുപത്രിയിലേക്കു വിട്ടു. 23ന് ഫാ.വര്‍ഗീസിനു പനിയും ശ്വാസതടസ്സവും ഉണ്ടായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്നുകള്‍ നല്‍കി തിരിച്ചയച്ചതല്ലാതെ കോവിഡ് പരിശോധന നടത്തിയില്ല. അസുഖം ഭേദമാകാത്തതിനെത്തുടര്‍ന്ന് 26നു രാത്രി 11.30നു മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

അപ്പോള്‍ മരുന്നുകള്‍ നിര്‍ദേശിച്ചതല്ലാതെ സ്രവം എടുത്തില്ല. മരിക്കുന്ന ദിവസമാണു വീണ്ടും ഇവിടെ എത്തിച്ചത്. അപ്പോള്‍ സ്രവം എടുക്കുകയായിരുന്നു. വികാരി മരിച്ചപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയിലെ 41 പേരും മെഡിക്കല്‍ കോളജിലെ 26 പേരുമാണ് ക്വാറന്റീനില്‍ കഴിയേണ്ടിവന്നത്. കോവിഡ് വാര്‍ഡിലെ നഴ്‌സിങ് അസിസ്റ്റന്റിനു രോഗം വന്നതും ആശുപത്രിയുടെ സുരക്ഷക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കു 14 ദിവസം ക്വാറന്റീന്‍ അനുവദിക്കണമെന്ന വ്യവസ്ഥ ഉള്ളപ്പോഴാണ് ഇടവിട്ട ദിവസങ്ങളില്‍ ഇവരെ ജോലിക്കു വിളിച്ചത്. രോഗബാധിതയായ ഇവര്‍ വീട്ടിലും പുറത്തും പലരുമായും സമ്പര്‍ക്കത്തിലായി. പനിയും തൊണ്ടവേദനയും ഉണ്ടെന്ന് അധികൃതരെ അറിയിച്ചെങ്കിലും ഗൗരവമായി എടുത്തില്ല.

Similar Articles

Comments

Advertismentspot_img

Most Popular