രണ്ടുലക്ഷത്തില്‍ താഴെ വരുന്ന ബുള്ളറ്റിന് 9.55 ലക്ഷം രൂപ നല്‍കി; ഫയര്‍ഫോഴ്‌സില്‍ വിവാദം കത്തുന്നു

അഗ്‌നിരക്ഷാസേനയുടെ ചുമതല ഡി.ജി.പി: ആര്‍. ശ്രീലേഖ ഏറ്റെടുത്തതിന് പിന്നാലെ വിവാദം. അഗ്‌നിരക്ഷാസേനയ്ക്കു വന്‍ തുക നല്‍കി വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ വാങ്ങിയതിനെച്ചൊല്ലിയാണ് വിവാദം പുകയുന്നത്. 1.88 ലക്ഷം രൂപ വരുന്ന 50 ബുള്ളറ്റുകളാണ് വാങ്ങിയത്. ഓരോന്നിനും അഗ്‌നിരക്ഷാസേന 9.55 ലക്ഷം രൂപ ചെലവഴിച്ചെന്നാണു പരാതി.

സാങ്കേതിക ഉപകരണങ്ങള്‍ യോഗ്യതയില്ലാത്തവര്‍ വാങ്ങിയതാണു വിവാദമായത്. ബുള്ളറ്റില്‍ അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ചാല്‍ പോലും നാലുലക്ഷത്തിനപ്പുറം പോകില്ല. ആ സ്ഥാനത്താണ് 9.5 ലക്ഷം ചെലവിട്ടത്. 4.75 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്. മേയ് 31 ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പു തിരക്കിട്ട് ഉപകരണങ്ങള്‍ വാങ്ങിയത്. 1.88 ലക്ഷം വിലയുള്ള ബുള്ളറ്റില്‍ ഒന്നരലക്ഷം രൂപയ്ക്ക് അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ കഴിയുമായിരുന്നെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്ര ഫണ്ടാണ് ബുള്ളറ്റ് വാങ്ങാന്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്കു മുന്നില്‍ പരാതികളെത്തിയിട്ടുണ്ട്. 500 സി.സി. ബുള്ളറ്റാണു വാങ്ങിയത്. ബുള്ളറ്റിനു പിന്നില്‍ വെള്ളവും പതയും നിറച്ച രണ്ടു സിലിണ്ടറുകള്‍, ഇവ ചീറ്റിക്കാനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റു െപെപ്പുകള്‍ എന്നിവയാണു ഘടിപ്പിക്കേണ്ടത്. െബെക്കിനു മുന്നില്‍ സൈറണ്‍, ബീക്കണ്‍, ഗഌസ് ഗാര്‍ഡ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവയൂം പിടിപ്പിക്കണം. എല്ലാ അനുബന്ധ ഘടകങ്ങള്‍ക്കുമായി തുക ഒന്നരലക്ഷം കടക്കില്ല.

ഇത്തരം ഉപകരണങ്ങള്‍ വാങ്ങാന്‍ സാങ്കേതിക യോഗ്യതയില്ലാത്തവര്‍ ശ്രമിച്ചതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പരാതി വിജിലന്‍സിലും എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇത്തരം ബുള്ളറ്റുകള്‍ അഞ്ചരലക്ഷത്തിനാണു വാങ്ങിയത്. ഇത്തരം നിരവധി ഇടപാടുകളുമായി ബന്ധപ്പെട്ട് അഗ്‌നിരക്ഷാസേനയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

മുമ്പൊരിക്കല്‍ മിനി ഫയര്‍ എന്‍ജിനുകള്‍ ഇരട്ടി വിലയ്ക്കു വാങ്ങിയിരുന്നു. ടാറ്റ കമ്പനി 30 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രചെയ്യാനായി ഇറക്കിയ മിനി ബസ് 45 ലക്ഷം രൂപയ്ക്കു വാങ്ങി മിനി ഫയര്‍ എന്‍ജിന്‍ നിര്‍മിച്ചത് ഇപ്പോള്‍ വിജിലന്‍സ് അന്വേഷിക്കുകയാണ്. 2500 ലിറ്റര്‍ വെള്ളവുമായി ഓടുമ്പോള്‍ വണ്ടിയുടെ ആക്‌സില്‍ പതിവായി ഒടിഞ്ഞതാണ് അഴിമതി പുറത്തുവരാന്‍ ഇടയാക്കിയത്. ഈ കേസില്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7