കണ്ണൂര്‍ ആശങ്കയില്‍; ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു ചികിത്സ തേടിയ യുവാവിന് കോവിഡ്; മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി രോഗം, ഉറവിടം വ്യക്തമല്ല

കണ്ണൂര്‍: ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. 3 പേര്‍ക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു വ്യക്തമല്ല.

ചക്ക വീണു സാരമായ പരുക്കുള്ളതിനാല്‍ കാസര്‍കോട് സ്വദേശിയായ യുവാവിനു ശസ്ത്രക്രിയ ആവശ്യമായിരുന്നു. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും കാസര്‍കോട്ടു നിന്നുള്ള രോഗിയായതിനാല്‍ സ്രവം പരിശോധിക്കാന്‍ പരിയാരത്തെ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഇന്നലെ ഫലം വന്നപ്പോള്‍ പോസിറ്റീവ്

കണ്ണൂര്‍ വിമാനത്താവള ഉദ്യോഗസ്ഥനായ യുവാവിനു കോവിഡ് സ്ഥീരികരിച്ചതും സമാന സാഹചര്യത്തിലാണ്. കാരപേരാവൂരിനടുത്തു ബൈക്ക് അപകടത്തില്‍പ്പെട്ടാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുതുച്ചേരി സ്വദേശിയായതിനാലാണു സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോള്‍ പോസിറ്റീവ്.

നാഡി സംബന്ധമായ ചികിത്സയ്ക്കാണു ധര്‍മടം സ്വദേശിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്കും ശസ്ത്രക്രിയ ആവശ്യമായിരുന്നു. കണ്ണൂരില്‍ നിന്നുള്ള രോഗിയായതിനാല്‍ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം പോസിറ്റീവ്. ഇന്നലെ അവരുടെ ഭര്‍ത്താവിന്റെ സ്രവപരിശോധനാ ഫലവും വന്നു. അതും പോസിറ്റീവ്.

രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആശങ്കയിലാണ്. ആദ്യഘട്ടത്തില്‍ ജില്ലയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി ഇതിനകം 6 ആരോഗ്യപ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

pathram:
Leave a Comment