കൊറോണ; ചൈനയില്‍ വീണ്ടും രോഗഭീതി..പൊതുയിടങ്ങള്‍ വീണ്ടും അടച്ചു

ബെയ്ജിങ്: കോവിഡ് മഹാമാരിയില്‍നിന്നു പതിയെ മോചനം നേടുന്നതിനിടെ ചൈനയില്‍ വീണ്ടും രോഗഭീതി. ലോകത്താകെ കോവിഡ് വ്യാപനത്തിനു തുടക്കം കുറിച്ച വുഹാനിലും റഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള ഷുലാന്‍ നഗരത്തിലുമാണ് ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അപകടസാധ്യത കുറഞ്ഞയിടങ്ങളായി രാജ്യത്തെ എല്ലാ മേഖലകളും ചൈന പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ഷുലാനിലെ സിനിമ തിയറ്ററുകള്‍, വായനശാലകള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങി പൊതുയിടങ്ങള്‍ താല്‍കാലികമായി അടച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ റദ്ദാക്കി. വീണ്ടും ഇളവുകള്‍ പ്രഖ്യാപിക്കുന്നതു വരുന്നതു വരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കി.

അതേസമയം, കോവിഡ് ബാധിച്ച് ലോകത്താകെ മരണം 2,87,336 ആയി. 42,56,053 പേര്‍ രോഗബാധിതരാണ്. 46,939 പേരുടെ നില ഗുരുതരം. 15,27,568 പേര്‍ രോഗമുക്തരായി. റഷ്യയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,656 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,21,344 കോവിഡ് രോഗികളാണുള്ളത്. 2,009 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ നാലാം സ്ഥാനത്താണ്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും യുഎസ് തന്നെയാണ് മുന്നില്‍. യുഎസില്‍ 24 മണിക്കൂറിനിടെ 17,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 960 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 13,85,834 രോഗികളാണുള്ളത്. ആകെ മരണം 81,795.

യുകെയില്‍ 32,065 മരണങ്ങളും 2,23,060 പേര്‍ക്ക് രോഗവും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 30,739 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. 2,19,814 പേര്‍ രോഗബാധിതരാണ്. സ്‌പെയിനില്‍ 26,744 പേരാണ് മരിച്ചത്. 2,68,143 പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സില്‍ 26,643 പേരും ബ്രസീലില്‍ 11,653 പേരും മരിച്ചു.

pathram:
Related Post
Leave a Comment