ലോക്ഡൗണ്‍: മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീംകോടതി. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ലോക്ഡൗണിനിടയിലെ മദ്യവില്‍പന ജനജീവതത്തെ ബാധിക്കുമെന്നു കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഇതു സംബന്ധിച്ച് ഉത്തരവൊന്നും പുറപ്പെടുവിക്കില്ല. എന്നാല്‍ മദ്യം വീടുകളില്‍ എത്തിക്കുന്നതോ നേരിട്ടല്ലാതെ വില്‍പന നടത്തുന്നതോ സംസ്ഥാനങ്ങള്‍ പരിഗണിക്കണം കോടതി വ്യക്തമാക്കി. ഹോം ഡെലിവറി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു.

മദ്യം വീടുകളില്‍ എത്തിക്കുന്നതു സംബന്ധിച്ച് ആലോചനയുണ്ടെന്ന് ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ മദ്യം വീടുകളില്‍ വിതരണം ചെയ്യാന്‍ ഇന്ത്യയില്‍ നിയമപരമായി അനുവാദമില്ല. കഴിഞ്ഞ ദിവസം പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നതോടെ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.

pathram:
Related Post
Leave a Comment