മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ യാത്രാ പാസ് നല്‍കിത്തുടങ്ങി

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സര്‍ക്കാര്‍ യാത്രാ പാസ് നല്‍കിത്തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്തവരുടെ മൊബൈലില്‍ സമയമുള്‍പ്പെടെയുള്ള സന്ദേശം ലഭിക്കും. നോര്‍ക്ക രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് യാത്രാ പാസിന് അപേക്ഷിക്കാം. പാസുകള്‍ ലഭിച്ച ശേഷമേ യാത്ര തുടങ്ങാവൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. https://covid19jagratha.kerala.nic.in/ എന്ന വെബ്‌സൈറ്റിലൂടെ യാത്രാ പാസിസ് അപേക്ഷിക്കാം.

അതിര്‍ത്തിയില്‍ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണമുള്ളവരെ അപ്പോള്‍ തന്നെ ക്വാറന്‍്‌റിനിലേക്ക് മാറ്റും. വാഹനങ്ങള്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. ഒരേസമയം നൂറ് വാഹനങ്ങള്‍ വരെ പരിശോധിക്കുന്നതിനുള്ള സൗകര്യം അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുണ്ട്.

ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി തയ്യാറാക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളുടെ ഏകോപന ചുമതല ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കാണ്. മെയ് നാലിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ള ആദ്യത്തെ നാല് ദിവസങ്ങളില്‍ 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മലയാളികള്‍ക്ക് ആറ് കേന്ദ്രങ്ങള്‍ വഴിയാണ് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാര്‍ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം കാസര്‍ഗോഡ്) എന്നിവടങ്ങളിലൂടെ മാത്രമേ മലയാളികള്‍ക്ക് പ്രവേശനം അനുവദിക്കൂ. ഓരോ പ്രവേശന കവാടത്തിലും 500 പേര്‍ക്ക് കാത്തിരിപ്പിന് സൗകര്യമൊരുക്കും.

pathram:
Leave a Comment