വിവരങ്ങള്‍ പുറത്തുള്ള ആര്‍ക്കും നല്‍കിയിട്ടില്ല; ഇടപാടില്‍ അഴിമതിയില്ല, സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ല; ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി പിണറായി

സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനകത്തുള്ള സെര്‍വറുകളില്‍ മാത്രം ഡേറ്റ സൂക്ഷിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ല. എന്തിനാണ് ഉപയോഗിക്കുകയെന്നു വിവരം നല്‍കുന്നവരെ ധരിപ്പിക്കും. റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സര്‍ക്കാരിനു പുറത്തുള്ള ആര്‍ക്കും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സമയമില്ലെന്നു പറഞ്ഞൊഴിഞ്ഞ മുഖ്യമന്ത്രി ഇന്ന് വിവാദത്തെക്കുറിച്ച് വിശദീകരിച്ചു.

സ്പ്രിന്‍ക്ലര്‍ സേവനം സെപ്റ്റംബര്‍ 24 വരെ സൗജന്യമാണ്, കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. സ്പ്രിന്‍ക്ലറിനെതിരായ കേസുകള്‍ മറ്റ് കമ്പനികള്‍ നേരിടുന്നതിനു സമാനമാണ്. സ്പ്രിന്‍ക്ലറുമായുള്ള ഇടപാടില്‍ അഴിമതിയില്ലെന്നും സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ എല്ലാ അര്‍ഥത്തിലും നിയമസാധുതയുള്ളതാണ്. നിയമവകുപ്പിനെ അറിയിക്കാത്തതു സര്‍ക്കാരിനു സാമ്പത്തികബാധ്യത ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ കമ്പനി വിവര വിശകലനത്തില്‍ പ്രാവീണ്യമുള്ളവരാണ്. വിവരച്ചോര്‍ച്ചയ്ക്കു വിദൂരസാധ്യത പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങള്‍ പൂര്‍ണമായി പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാന്‍ നടപടിയായി. കോവിഡ് വിവരശേഖരണത്തില്‍ അമേരിക്കന്‍ കമ്പനിയുടേത് സൗജന്യസേവനമെന്ന മുഖ്യമന്ത്രിയുടെ വാദം കളവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

87 ലക്ഷം േപരുടെ വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ശേഖരിച്ച ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി. അമേരിക്കയില്‍ ഡേറ്റാ തട്ടിപ്പിന് കേസ് നേരിടുന്നതാണ് കമ്പനിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കോവിഡ് വിവരശേഖരണത്തിന് അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട പര്‍ച്ചേസ് ഓര്‍ഡറും അനുബന്ധവിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. മാര്‍ച്ച് 25നാണ് ഇടപാട് നിലവില്‍ വന്നതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി സ്പ്രിന്‍ക്ലര്‍ അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിനുശേഷമാണ് സ്പ്രിന്‍ക്ലര്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തി കത്തയച്ചതെന്നും വ്യക്തമായി.

കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു വിറ്റെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. ഏപ്രില്‍ രണ്ടിനാണ് സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡറില്‍ ഒപ്പുവച്ചത്. എന്നാല്‍ അതിന് മുന്‍പ് മാര്‍ച്ച് 25ന് വിവരശേഖരണത്തിന് സ്പ്രിന്‍ക്ലറിന്റെ വെബ്‌സൈറ്റ് സര്‍ക്കാര്‍ ഉപയോഗിച്ചുതുടങ്ങി. സെപ്റ്റംബര്‍ 24 വരെയോ കോവിഡ് വ്യാപനം അവസാനിക്കുന്നതു വരെയോ ആണ് കമ്പനിയുമായുള്ള ഇടപാടിന്റെ കാലാവധി.

പത്താംതീയതി പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചശേഷം 12ന് സ്പ്രിന്‍ക്ലര്‍ ഐടി സെക്രട്ടറിക്കയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു. ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനും പൗരന്‍മാര്‍ക്കുമാണെന്നാണ് കത്തില്‍ പറയുന്നത്. വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ല. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ സെര്‍വറില്‍ നിന്ന് അവരുടെ വ്യക്തിഗതവിവരങ്ങള്‍ നീക്കുമെന്നും കത്തിലുണ്ട്. കമ്പനിയുടെ സ്വകാര്യതാനയവും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇതടക്കം സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളെല്ലാം സ്പ്രിന്‍ക്ലറുടെതാണ്. കമ്പനി വെബ്‌സൈറ്റില്‍ വന്ന ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യത്തെയും സര്‍ക്കാര്‍ ന്യായീകരിക്കുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെകുറിച്ചാണ് വിഡിയോയെന്നാണ് അവകാശവാദം. എങ്കില്‍ എന്തിന് ആ വിഡിയോ കമ്പനി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്‌തെന്ന ചോദ്യത്തിന് ഉത്തരമില്ല.

pathram:
Leave a Comment