കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടന്‍ : കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കൊറോണ ആഘാതത്തില്‍ നിന്നു രാജ്യം ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിഅഞ്ഞൂറിലധികം മരണം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ചില പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. കോവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യവിതരണം കൃത്യമായാണ് പോകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎസ് ഭരണകൂടം വ്യക്തമാക്കി.

ആഗോള തലത്തില്‍ ഒരു ദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മരണസംഖ്യയാണ് ബുധനാഴ്ച യുഎസില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2600ഓളം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 11ന്, 2108 പേര്‍ മരിച്ച യുഎസിലേതു തന്നെയായിരുന്നു ഇതുവരെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്. ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 28,529 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതരുമുള്ള യുഎസില്‍ 6,44,089 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

pathram:
Leave a Comment