എന്തടിസ്ഥാനത്തിലാണ് ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കുക ? വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നവരെയാണ് പരിഗണിക്കേണ്ടതെന്ന് ഗംഭീര്‍

ക്രിക്കറ്റില്‍നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്‌സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താന്‍ സാധ്യത വിരളമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ധോണിക്കു പകരം വിക്കറ്റ് കീപ്പറാകാന്‍ കെ.എല്‍. രാഹുലിന് സാധിക്കും. എപ്പോള്‍ വിരമിക്കണമെന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് കണക്ടഡ് ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗംഭീര്‍ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ഏകദിന ലോകകപ്പ് മുതല്‍ ധോണി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ.എല്‍. രാഹുലിനെ പകരക്കാരനാക്കി മുന്നോട്ടു പോകുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. സമീപകാലത്ത് വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുല്‍.

‘ഈ വര്‍ഷം ഇനി ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണിയെ സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടാകും. അല്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സജീവ ക്രിക്കറ്റിലില്ലാത്ത താരത്തെ എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുക? ആത്യന്തികമായി നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നവരെയും ടീമിനായി വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നവരെയുമാണ് പരിഗണിക്കേണ്ടത്’ –- ഗംഭീര്‍ ചൂണ്ടിക്കാട്ടി.

‘ധോണിക്ക് ഏറ്റവും യോജിച്ച പകരക്കാരന്‍ കെ.എല്‍. രാഹുലാണ്. പരിമിത ഓവര്‍ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകാന്‍ തുടങ്ങിയ കാലം മുതല്‍ അദ്ദേഹത്തിന്റെ കീപ്പിങ്ങും ബാറ്റിങ്ങും ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം ധോണിയുടെയത്ര മികച്ച വിക്കറ്റ് കീപ്പറല്ല എന്നത് സത്യം തന്നെ. എങ്കിലും ട്വന്റി20 ക്രിക്കറ്റിന്റെ രീതിവച്ച് ഏതു സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് രാഹുല്‍. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അദ്ദേഹത്തെ ബാറ്റിങ്ങിന് നിയോഗിക്കാം’ – ഗംഭീര്‍ ചൂണ്ടിക്കാട്ടി. നേരത്തെ, ധോണി ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരവും സിലക്ടറുമായിരുന്ന കെ. ശ്രീകാന്തും രംഗത്തെത്തിയിരുന്നു.

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ ധോണിയോടുള്ള താല്‍പര്യക്കുറവ് വ്യക്തമാക്കി ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പ് നേട്ടത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ധോണിയുടെ അവസാന സിക്‌സറിന്റെ ചിത്രം വച്ച് ട്വീറ്റ് ചെയ്ത ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിനോടാണ് ഗംഭീര്‍ പ്രതിഷേധം അറിയിച്ചത്. ധോണിയുടെ സിക്‌സിനോടുള്ള പ്രതിപത്തി അവസാനിപ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് നേടിയതാണ് ആ കിരീടമെന്നുമായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

Similar Articles

Comments

Advertismentspot_img

Most Popular