സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അവഹേളിക്കാന്‍ സിപിഎമ്മിന് സൈബര്‍ ഗുണ്ടാ ടീം…

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

‘വളരെ സംഘടിതമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക തുടങ്ങിയവയ്ക്കായി ഒരു സൈബര്‍ ഗുണ്ടാസംഘത്തെ തയാറാക്കിവച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണം’– ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ പിന്തുണയുണ്ട്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. കെ.സുരേന്ദ്രന്റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണനാക്രമം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏറെ ദുരിതമനുഭവിക്കുന്നവരെ ആദ്യമെത്തിക്കണം. വീസ കാലാവധി കഴിഞ്ഞവരെ പരിഗണിക്കണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധ സംഘടനകളും സജ്ജമാണ്. ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈത്തിലേക്ക് അയച്ചതുപോലെ ദുരിതമനുഭവിക്കുന്ന മലയാളികളുള്ള മറ്റു നാടുകളിലേക്കും മെഡിക്കല്‍ സംഘങ്ങളെ അയക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ മുഴുവന്‍ എംപിമാരും ഇതിനായി ശ്രമിക്കുന്നുണ്ട്. വിമാന സര്‍വീസ് പുനഃരാരംഭിക്കുന്ന കാര്യത്തിലാണ് അവരെല്ലാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവന്ന് ഇവിടെ ക്വാറന്റീന്‍ ചെയ്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

pathram:
Related Post
Leave a Comment