ആറ് മാസത്തെ പ്രസവാവധി വേണ്ടെന്നുവച്ചു; ഒരുമാസമായ കുഞ്ഞിനെയും എടുത്ത് ഓഫീസിലെത്തിയ വനിതാ ഐഎഎസ് ഓഫീസര്‍ക്ക് കൈയ്യടി…!!!

രാജ്യം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും വൈറസിനെ തുരത്താനുള്ള തീവ്രശ്രമിത്തിലാണ്. ഇതിനിടെ നല്ലമനസ്സുള്ള ഉദ്യോഗസ്ഥരുടെ വിവിധ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പോരാട്ടത്തിന്റെ മുന്നില്‍ തന്നെയുണ്ടാകണമെന്നുറപ്പിച്ച് ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍.

ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. 2013 ബാച്ചുകാരിയാണ് ശ്രിജന.

കുഞ്ഞിനെയുമെടുത്ത് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ‘ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ശ്രിജനയുടെ ചിത്രം ആദ്യം പങ്കുവെച്ചത്.

കമ്മിഷണര്‍ പ്രസവാവധി നിരസിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കോറോണ പോരാളികള്‍ക്കെല്ലാം തീര്‍ച്ചയായും ഇത് പ്രചോദനം നല്‍കുന്നു. പ്രശാന്ത് തന്റെ ട്വീറ്റില്‍ പറയുന്നു.

കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയുണ്ടെന്നും എല്ലാ മുന്‍കരുതലുകളുമായാണ് താന്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നും ശ്രിജന പറഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് ശ്രിജന കുഞ്ഞിനെയും ഒപ്പം കൂട്ടിയത്. വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പമുള്ളതെന്നും ശ്രിജന പറയുന്നു. ശ്രിജനയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

pathram:
Related Post
Leave a Comment