എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

പ്രശ്‌സത സംഗീത സംവിധയകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3:30നായിരുന്നു അന്ത്യം. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നിട്ടുണ്ട്.

1936 മാര്‍ച്ച് 1–ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജ്ജുനന്‍ ജനിക്കുന്നത്. അര്‍ജ്ജുനന് ആറ്മാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്റിന്റേത്. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അര്‍ജ്ജുനനേയും അദ്ദേഹത്തിന്റെ ജേഷ്ഠന്‍ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തില്‍ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അര്‍ജ്ജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. നാരായണസ്വാമി എര്‍പ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴില്‍ ഏഴ് വര്‍ഷം അര്‍ജ്ജുന്‍ സംഗീതം അഭ്യസിച്ചു.

പഴനിയിലെ ആശ്രമത്തില്‍ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലേയ്ക്ക് മടങ്ങി. സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തില്‍ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. പകരക്കാരനായാണ് അര്‍ജ്ജുന്‍ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകര്‍ന്നുകൊണ്ടാണ് എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടര്‍ന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകര്‍ന്നു.

അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അര്‍ജ്ജുനന്‍ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു.

കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിന്‍മുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങള്‍ശ്രദ്ധേയങ്ങളായി തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കിയിട്ടുണ്ട്. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍തമ്പി അര്‍ജ്ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ച് തുടങ്ങിയത് അര്‍ജ്ജുനന്‍ മാസ്റ്ററുടെ കീഴിലായിരുന്നു.

pathram:
Related Post
Leave a Comment