കൊറോണ: മരണ സംഖ്യ 53,167, ഇന്നലെ സ്‌പെയ്‌നില്‍ മാത്രം മരിച്ചത് 950 പേര്‍

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,15,059 പേരാണു രോഗബാധിതര്‍. ആകെ മരണം 53,167. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,12,035 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242 പേര്‍ക്കു രോഗം വന്നപ്പോള്‍ 13,915 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

ഒരു ദിവസം 950 പേര്‍ മരിച്ചതോടെ സ്‌പെയിനില്‍ കോവിഡ് മരണം 10,348 ആയി. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പെയിനില്‍ രോഗബാധിതര്‍ 1,12,065. നേരത്തെ ഒരു ദിവസത്തെ കൂടിയ മരണത്തില്‍ ഇറ്റലിയായിരുന്നു മുന്നില്‍, മാര്‍ച്ച് 27ന് 919 പേര്‍. ലാറ്റിനമേരിക്കന്‍– കരീബിയന്‍ രാജ്യങ്ങളിലായി ആകെ രോഗികള്‍ 20,000 കവിഞ്ഞു. മരണം 500. ബ്രസീലില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളില്‍ നിന്നു സൈന്യം 150 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

യുകെയില്‍ കോവിഡ് മരണം 24% വര്‍ധിച്ച് 2921 ആയി. ഒരു ദിവസം മരണം അഞ്ഞൂറിലേറെ. ആകെ രോഗികള്‍ 33,718. ഇറാനില്‍ മരണം 3,000 കവിഞ്ഞു. ഇന്നലെ മാത്രം 124 മരണം. രാജ്യത്തെ രോഗികള്‍ അരലക്ഷം. ബിസിനസ് സ്ഥാപനങ്ങള്‍ 27% ജീവനക്കാരെ വെട്ടിക്കുറച്ചു. ഇസ്രയേലില്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മനും (71) ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ലിറ്റ്‌സ്മനുമായി അടുത്തിടപഴകിയ മൊസാദ് തലവന്‍ യോസി കോയെന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേര്‍ ബിന്‍ ഷബാത് അടക്കം ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐസലേഷനിലായി. ആകെ രോഗികള്‍ 6857. മരണം 36.

കോവിഡ് രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം ബുധനാഴ്ച ന്യൂയോര്‍ക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്കു ധാരണയായിരുന്നു. ഫ്‌ലോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി.

pathram:
Leave a Comment