ടെലികോം കമ്പനികൾക്ക്‌ ആശ്വസിക്കാം; സുപ്രീം കോടതിയിൽ പിന്തുണച്ച് കേന്ദ്രം

ടെലികോം വകുപ്പിനു നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കുന്നതിൽ ടെലികോം കമ്പനികളെ പിന്തുണച്ചു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കുടിശിക തീർക്കുന്നതിനു കമ്പനികൾക്കു 20 വർഷത്തെ ജാലക സംവിധാനം ഏർപ്പെടുത്തണമെന്നു സർക്കാർ കോടതിയെ അറിയിച്ചു. പണം അടയ്ക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ടു കമ്പനികൾ സമ്മർദം ചെലുത്തുന്നതിനിടെയാണു സർക്കാർ നടപടി. ഇത്രയും വലിയ തുക ഒരുമിച്ച് അടയ്ക്കുന്നതു ഗുരുതര പ്രത്യാഘാതമുണ്ടാക്കും. എല്ലാ കമ്പനികളും കുടിശികയുടെ ഒരു ഭാഗം അടച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

വൊഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലിസർവീസസ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ നൽകാനാണു കോടതി കഴിഞ്ഞ ഒക്ടോബറിൽ വിധിച്ചത്. ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശ, പിഴപ്പലിശ എന്നീ ഇനത്തിലാണിത്. ഇതു ചോദ്യംചെയ്ത് സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടന റിട്ട് ഹർജി നൽകി. ഉത്തരവ് പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് കമ്പനികളും അപേക്ഷ നൽകി.

വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്നായിരുന്നു ഇവ പരിഗണിച്ചുകൊണ്ടു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിമർശനം. മാർച്ച് 17നു കേസ് പരിഗണിക്കുമ്പോൾ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും പണമടച്ചില്ലെങ്കിൽ കമ്പനികളുടെ മേധാവികൾ നേരിട്ടു ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണു കേന്ദ്ര സർക്കാർ നീക്കം.

Similar Articles

Comments

Advertismentspot_img

Most Popular