ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ന്യൂസീലന്‍ഡിന് ഒന്നാം ട്വന്റി20യില്‍ മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 203 റണ്‍സ്. ഓക്ലന്‍ഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തില്‍ നിര്‍ബാധം സിക്‌സും ഫോറും കണ്ടെത്തിയാണ് കിവീസ് മികച്ച സ്‌കോറിലേക്കെത്തിയത്.
ന്യൂസീലന്‍ഡിനായി ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, റോസ് ടെയ്ലര്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മണ്‍റോ 42 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സെടുത്തപ്പോള്‍, വില്യംസന്‍ 26 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ഇരുവരുടെയും 10ാം ട്വന്റി20 അര്‍ധസെഞ്ചുറിയാണിത്. ആറു വര്‍ഷത്തിനുശേഷം ട്വന്റി20യില്‍ അര്‍ധസെഞ്ചുറി നേടിയ റോസ് ടെയ്ലര്‍, 27 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 54 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിച്ച് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മണ്‍റോയും സമ്മാനിച്ച മിന്നല്‍ തുടക്കമാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോറിന് അടിത്തറയായത്. വെറും 47 പന്തില്‍നിന്ന് 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടം കൂടാതെ 68 റണ്‍സെടുത്ത കിവീസ് ഓപ്പണര്‍മാര്‍, ഇന്ത്യയ്ക്കെതിരെ ട്വന്റി20യില്‍ ന്യൂസീലന്‍ഡിന്റെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറും കുറിച്ചു. കഴിഞ്ഞ വര്‍ഷം വെല്ലിങ്ടനിലും ഹാമില്‍ട്ടനിലും വിക്കറ്റ് നഷ്ടം കൂടാതെ 66 റണ്‍സെടുത്ത റെക്കോര്‍ഡാണ് വഴിമാറിയത്. 19 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്താണ് ഗപ്ടില്‍ പുറത്തായത്.
ഇതിനിടെ ഒരു റണ്ണിന്റെ ഇടവേളയില്‍ തുടര്‍ച്ചയായി മണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരെ പുറത്താക്കി ഇന്ത്യ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നാലാം വിക്കറ്റില്‍ മിന്നല്‍ വേഗത്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും റോസ് ടെയ്‌ലറും ചേര്‍ന്ന് ന്യൂസീലന്‍ഡിനെ രക്ഷിച്ചു. ട്വന്റി20 ചരിത്രത്തില്‍ ന്യൂസീലന്‍ഡിന്റെ വേഗമേറിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും ഇരുവരും കണ്ടെത്തി. വെറും 24 പന്തില്‍നിന്നാണ് വില്യംസന്‍ ടെയ്ലര്‍ സഖ്യം 50 കടന്നത്. 2018ല്‍ ദുബായില്‍ പാക്കിസ്ഥാനെതിരെ 30 പന്തില്‍നിന്ന് നേടിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് വഴിമാറിയത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (0), ടീം സീഫര്‍ട്ട് (ഒന്ന്) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ നിരാശപ്പെടുത്തിയത്. മിച്ചല്‍ സാന്റ്‌നര്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ മൂന്ന് ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഷാര്‍ദുല്‍ താക്കൂറാണ് ഏറ്റവും വലിയ ‘തല്ലുകൊള്ളി’. കിട്ടിയത് ഒരു വിക്കറ്റ്. മുഹമ്മദ് ഷമി നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും കിട്ടിയുമില്ല. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചെഹല്‍ എന്നിവരാണ് ഭേദപ്പെട്ടുനിന്നത്. ശിവം ദുബെ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ രണ്ട് ഓവറില്‍ 18 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
Leave a Comment