കോഹ്ലിപറ്റിച്ചേ…!!! ന്യൂസിലാന്‍ഡിനോട് പകരംവീട്ടി ഇന്ത്യ, ആറ് വിക്കറ്റ് ജയം

ന്യൂസീലന്‍ഡ് താരങ്ങളുടെ പ്രകൃതം കണ്ടാല്‍ അവരോടു പകരം വീട്ടാന്‍ തോന്നില്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രസ്താവന വെറുതേ ആയിരുന്നു. എതിരാളികളോടുള്ള ബഹുമാനം ഇന്നലെ പ്രകടിപ്പിച്ചെങ്കിലും ഇന്ന് ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ വിധം മാറി. ഇന്ത്യയ്ക്ക് ഓക്ലന്‍ഡ് ഈഡന്‍ പാര്‍ക്കിലെ ഒന്നാം ട്വന്റി20യില്‍ അനായാസ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം, ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ശ്രേയസ് അയ്യരാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

ട്വന്റി20യിലെ 10ാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകഷ് രാഹുല്‍ (27 പന്തില്‍ 56), രണ്ടാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ശ്രേയസ് അയ്യര്‍ (29 പന്തില്‍ പുറത്താകാതെ 58) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലി 32 പന്തില്‍ 45 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുല്‍ വിരാട് കോലി സഖ്യം പടുത്തുയര്‍ത്തിയ 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഈ കൂട്ടുകെട്ടിനു പിന്നാലെ 27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമായെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത് ശ്രേയസ് അയ്യര്‍ മനീഷ് പാണ്ഡെ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. വെറും 34 പന്തില്‍നിന്നാണ് ഇരുവരും ചേര്‍ന്ന് 62 റണ്‍സെടുത്തത്. രോഹിത് ശര്‍മ (ആറു പന്തില്‍ ഏഴ്), ശിവം ദുബെ (ഒന്‍പതു പന്തല്‍ 13) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. മനീഷ് പാണ്ഡെ 12 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസീലന്‍ഡിനായി ഇഷ് സോധി രണ്ടും മിച്ചല്‍ സാന്റ്‌നര്‍, ബ്ലയര്‍ ടിക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ വിദേശ മണ്ണില്‍ പിന്തുടര്‍ന്നു ജയിക്കുന്ന ഉയര്‍ന്ന ട്വന്റി20 സ്‌കോറാണിത്. ആകെ നോക്കിയാല്‍ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും. മാത്രമല്ല, ഇതാദ്യമായാണ് ഒരു ട്വന്റി20 മത്സരത്തില്‍ അഞ്ച് താരങ്ങള്‍ അര്‍ധസെഞ്ചുറി നേടുന്നത്. ന്യൂസീലന്‍ഡ് നിരയില്‍ കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ഇന്ത്യന്‍ നിരയില്‍ കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് അര്‍ധസെഞ്ചുറി നേടിയത്. വിരാട് കോലിക്ക് അഞ്ചു റണ്‍സ് അകലെ അര്‍ധസെഞ്ചുറി നഷ്ടമായിരുന്നില്ലെങ്കില്‍ ഈ റെക്കോര്‍ഡ് കൂടുതല്‍ തിളക്കമുള്ളതായേനെ.

ട്വന്റി20യില്‍ ഇന്ത്യ 200നു മുകളിലുള്ള സ്‌കോര്‍ വിജയകരമായി പിന്തുടരുന്നത് ഇത് നാലാം തവണയാണെന്ന പ്രത്യേകതയുമുണ്ട്. ഇതും റെക്കോര്‍ഡാണ്. ഓസ്‌ട്രേലിയ രണ്ടു തവണ 200+ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചു. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, ഖത്തര്‍ ടീമുകള്‍ ഓരോ തവണയും ഇതേ നേട്ടം സ്വന്തമാക്കി.

pathram:
Related Post
Leave a Comment