അശ്ലീല വീഡിയോ: പങ്കുവയക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത്…

കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.

ഇന്റര്‍നെറ്റിലൂടെ ഇത്തരം ചിത്രങ്ങളോ വീഡിയോകളോ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. വാട്സ്ആപ്പ് ടെലിഗ്രാം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടാലും അംഗങ്ങള്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകും.

മറ്റൊരാള്‍ അശ്ലീല വീഡിയോ അയച്ച് തന്നിരുന്നത് അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കേരള പോലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കുക. അവ ആരൊക്കെ കാണാന്‍ ഇടയുണ്ടെന്നു വ്യക്തമായ ബോധ്യമുണ്ടാകണം. കുട്ടികളുടെ അനുമതിയില്ലാതെ മറ്റുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു തടയാന്‍ പരിശീലിപ്പിക്കുക. കുട്ടികള്‍ തമാശയ്ക്കു സ്വന്തം സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു പോലും തടയുക. മൊബൈലിലുള്ള അനധികൃതമായ ആപ്പുകള്‍ വഴി ഇവ കൈമാറ്റം ചെയ്യപ്പെട്ടേക്കാം.

അടുത്തിടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പകര്‍ത്തി സൂക്ഷിച്ചതിനും ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 12 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതോടെ ടെലിഗ്രാമില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് വലിയ പോണ്‍ ഗ്രൂപ്പുകളില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ പലരും ഗ്രൂപ്പ് ഉപേക്ഷിച്ചു. ഗ്രൂപ്പുകള്‍ നിശ്ചലമായിട്ടുണ്ട്.

SHARE