ധോണിയോട് അത് പറയാനുള്ള ധൈര്യം ക്യാപ്റ്റന്‍ കാണിക്കണം

ടീമിലില്ലെങ്കിലും ധോണിയുടെ വിരമിക്കല്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോനി. അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ഇതേകാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

”വിരമിക്കലെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണ്. എന്നുവരെ നിങ്ങള്‍ക്ക് കളിക്കണമെന്ന് തോന്നുന്നുവോ അന്നു വരെ കളിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ നിങ്ങള്‍ ഭാവിയിലേക്കുകൂടി നോക്കേണ്ടതുണ്ട്. ധോനി അടുത്ത ലോകകപ്പ് കളിക്കുന്ന കാര്യം ഞാന്‍ ചിന്തിക്കുന്നുകൂടിയില്ല”, ഗംഭീര്‍ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

”ക്യാപ്റ്റന്‍ വിരാടോ ആരുമാകട്ടെ ഒരു കളിക്കാരന്‍ തങ്ങളുടെ പദ്ധതികളിലേക്ക് യോജിക്കുന്നില്ലെന്നു പറയാനുള്ള ധൈര്യം കാണിക്കണം. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത് ധോനിയുടെ കാര്യമല്ല, രാജ്യത്തിന്റെ കാര്യമാണ്”, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ധോനിക്കപ്പുറത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചിന്തിക്കേണ്ട സമയമായെന്നും റിഷഭ് പന്തിനോ സഞ്ജു സാംസണോ അവസരം നല്‍കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular