ചന്ദ്രയാന്‍-രണ്ട് വിക്ഷേപണം മാറ്റിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.51-ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം.

ജി.എസ്.എല്‍.വി. മാര്‍ക്ക്-3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

മൂന്ന് ഉപകരണങ്ങള്‍

ദൗത്യത്തിന്റെ ഭാഗമായി ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കൊണ്ടുപോകാനിരുന്നത് പ്രധാനമായും മൂന്ന് ഉപകരണങ്ങളാണ്.

1. ഓര്‍ബിറ്റര്‍-ചന്ദ്രനെ വലംവെക്കും

2. ലാന്‍ഡര്‍-ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

3. റോബോട്ടിക് റോവര്‍-ഉപരിതലത്തില്‍ പഠനം നടത്തും

Similar Articles

Comments

Advertismentspot_img

Most Popular