തമിഴ്‌നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തില്‍ വ്യാപകമാകുന്നു; ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ വീണ്ടും പുറത്തിറക്കുകയാണ് കമ്പനി

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളില്‍ വ്യാപകമായി കേരളത്തിലെത്തുന്നതായി റിപ്പോര്‍ട്ട്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്പോള്‍ വേറെ പേരുകളില്‍ വീണ്ടും പുറത്തിറക്കുകയാണ് കമ്പനികളുടെ രീതി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു കമ്പനിയുടെ മാത്രം നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് മൂന്ന് മാസത്തിനുള്ളില്‍ നിരോധിച്ചത്.
ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് കഴിഞ്ഞയാഴ്ച നിരോധിച്ചത്. രണ്ടും നിര്‍മ്മിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള കമ്പനിയാണ്. ഇതേ കമ്പനിയുടെ സൗഭാഗ്യ, സുരഭി എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മൂന്ന് മാസം മുമ്പ് നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടതോടെ കമ്പനി പുതിയ പേരില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നൂറിലധികം വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. ഇതില്‍ നല്ലൊരു ശതമാനം തമിഴ്‌നാട്ടിലെ എണ്ണ മില്ലുകളില്‍ നിന്ന് എത്തുന്നതാണ്. ചെറിയ കടകളിലും ഗ്രാമങ്ങളിലുമാണ് ഇത്തരം മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍ വ്യാപകമായി വില്‍ക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മായം കലര്‍ത്തിയ വെളിച്ചെണ്ണകള്‍ നിരോധിക്കുന്നതിനപ്പുറം ഇത്തരം കമ്പനികള്‍ക്ക് തടയിടാന്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിവിധ പേരുകളിലായി അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത് പതിവായിരിക്കുകയാണ്‌

Similar Articles

Comments

Advertismentspot_img

Most Popular