നടിയും സംവിധായികയുമായിരുന്ന വിജയ നിര്‍മ്മല അന്തരിച്ചു

ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം പുറത്ത് വിട്ടത്.

വ്യത്യസ്ത ഭാഷകളിലായി 47ഓളം ചിത്രങ്ങളിലാണ് വിജയ നിര്‍മ്മല അഭിനയിച്ചത്. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക എന്ന പദവിക്കൊപ്പം ഏറ്റവുമധികം സിനിമ സംവിധാനം ചെയ്ത വനിത എന്നഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനും ഉടമയാണിവര്‍.

1957ല്‍ തെലുങ്ക് ഭാഷയിലൂടെ അരങ്ങേറ്റം കുറിച്ച ഇവര്‍ തമിഴ്നാട്ടിലാണ് ജനിച്ചത്. എന്നാല്‍, ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചത് മലയാളത്തിലാണെന്നതും പ്രത്യേകതയാണ്. മലയാളികള്‍ക്ക് എന്നും ഭയത്തിന്റെ പ്രതിരൂപമായ ഭാര്‍ഗ്ഗവിനിലയത്തില്‍ ഭാര്‍ഗ്ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. പ്രേംനസീര്‍, മധു എന്നായിരുന്നു ചിത്രത്തിലെ നായികന്മാര്‍.

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25ലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കൃഷ്ണ മൂര്‍ത്തിയായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് അവര്‍ തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമാനെനിയെ വിവാഹം ചെയ്തു.

pathram:
Leave a Comment