ശ്യാമളയെ സംരക്ഷിച്ച്‌ മുഖ്യമന്ത്രി; കുറ്റം ചെയ്തത് ഉദ്യോഗസ്ഥര്‍; കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതണ്ട

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ച ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്.

തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിപുലമായ അധികാരങ്ങളാണ് ഇപ്പോഴുള്ളത്. സെക്രട്ടറിമാരുടെ ഈ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് മറികടക്കാനുള്ള അധികാരം പരിമിതപ്പെടുത്തും. സെക്രട്ടറിക്ക് മറിച്ച് അഭിപ്രായമുണ്ടെങ്കില്‍ അത് മിനുട്സില്‍ രേഖപ്പെടുത്തണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം ആത്മഹത്യാ പ്രേരണാകുറ്റത്തിന് പി.കെ.ശ്യാമളയുടെ പേരിലടക്കം കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സംഭവം സിപിഎമ്മിന് എതിരെയാക്കി തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയുടെ പരിരക്ഷയില്‍ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളെ ആക്രമിക്കാമെന്ന് ആരും കരുതണ്ട. അത് നല്ല നടപടിയല്ല. എം.വി.ഗോവിന്ദന്‍ മാസ്റ്ററെ എല്ലാവര്‍ക്കും അറിയാം. പി.ജയരാജനെ ഉപയോഗിച്ചും സിപിഎമ്മിനെതിരെ തിരിയേണ്ടതില്ല. അതേ സമയം തെറ്റ് ചെയ്താല്‍ പാര്‍ട്ടി നോക്കാതെ തന്നെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്തൂര്‍ സംഭവത്തില്‍ പ്രതിപക്ഷംകൊണ്ടു വന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഎമ്മിലെ വിഭാഗീയതയാണ് ആന്തൂരിലെ പ്രശ്നമെന്നും പി.കെ.ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പി.ജയരാജനെ എതിര്‍ത്താലും അദ്ദേഹത്തോട് ലോഹ്യം കൂടിയാലും മരണമാണെന്ന അവസ്ഥയാണ് കണ്ണൂരിലുള്ളതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെ.എം.ഷാജി എംഎല്‍എ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular