പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് മീണയുടെ വിലക്ക്; നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് അസംതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിലക്ക് ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനുമായി ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലും സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. എന്നാല്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്.

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ട്.

കള്ളവോട്ട് അടക്കമുള്ള ആരോപണങ്ങളിലും കമ്മീഷന്‍ എടുത്ത നടപടികളിലും തെരഞ്ഞെടുപ്പ് ഓഫീസറും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി ടിക്കാറാം മീണ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

സംഗതി വിവാദമായതോടെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അനുമതി തേടിയതെന്ന വിശദീകരണവും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് എംഡിയാണ് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സഹകരണ വകുപ്പ് സെക്രട്ടറിയോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി വഴിയോ പെരുമാറ്റ ചട്ടത്തില്‍ ഇളവ് ചോദിച്ചാല്‍ അനുവദിക്കാമായിരുന്നു എന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിക്കുന്നുണ്ട്. ചട്ടത്തില്‍ ഇളവ് ആവശ്യപ്പെട്ട് വീണ്ടും കമ്മീഷനെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടേയും സഹകരണ വകുപ്പ് മന്ത്രിയുടേയും ഓഫീസിന്റെ തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular