എന്‍ഐഎ തമിഴ്‌നാട്ടിലും വ്യാപക റെയ്ഡ് നടത്തുന്നു

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പടെ സ്‌ഫോടന പരമ്പര നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. നാല് കോയമ്പത്തൂര്‍ സ്വദേശികളെയും രണ്ട് ധര്‍മ്മപുരി സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാലയളവില്‍ തമിഴ്‌നാട്ടില്‍ സംശയാസ്പതമായി വന്ന് പോയ ശ്രീലങ്കന്‍ സ്വദേശികളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

അതേസമയം, കേരളത്തില്‍ പുതുവത്സര രാവില്‍ ചാവേറാക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടതിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് റിയാസ് അബൂബക്കര്‍ എന്‍ഐഎക്ക് മൊഴി നല്‍കിയിരുന്നു. സ്‌ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐഎസില്‍ ചേര്‍ന്നവര്‍ നിര്‍ദേശിച്ചിരുന്നു എന്നാണ് വിവരം. വിദേശികള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ഒപ്പമുള്ളവര്‍ ഇതിനെ പിന്തുണച്ചില്ലെന്നും റിയാസ് മൊഴി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിനാണ് മുതലമട സ്വദേശി റിയാസ് അബൂബക്കറിനെ അറസ്റ്റുചെയ്തതെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഐഎസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസിന്റെ മൊഴി. ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവര്‍ അനുകൂലിച്ചില്ല. എന്നാല്‍ താന്‍ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഐഎസില്‍ ചേര്‍ന്ന റാഷിദാണ് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കണമന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.

പുതുവര്‍ഷ രാവില്‍ വിദേശ സഞ്ചാരികള്‍ ഏറെയെത്തുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചാവേറാക്രമണം നടത്തണമെന്നായിരുന്നു ലഭിച്ചിരുന്ന നിര്‍ദേശം. ഇതിനായി കൊച്ചിയടക്കമുളള നഗരങ്ങളിലെ ചില പ്രധാന കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു. കേരളത്തില്‍ നിന്ന് വിദേശത്തെത്തി ഐ എസില്‍ ചേര്‍ന്നവര്‍ അറസ്റ്റിലായ റിയാസിനെ പലപ്പോഴായി നെറ്റ് കോളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ പലരും പിന്നീട് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലടക്കം എന്‍ഐഎ പരിശോധന തുടരുകയാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment