കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് വിട്ടതായി പ്രിയങ്ക ചതുര്‍വേദി പരസ്യമായി പറഞ്ഞിട്ടില്ല. അതേസമയം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കോണ്‍ഗ്രസ് വക്താവ് എന്നതിന് പകരം ബ്ലോഗര്‍ എന്നാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എഐസിസി മാധ്യമ വിഭാഗത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ഇവര്‍ പുറത്തുപോയി.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാര്‍ട്ടിയില്‍ തിരികെ എടുത്തതിലുള്ള ശക്തമായ പ്രതിഷേധവും എതിര്‍പ്പും അറിയിച്ച് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ തിരിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇതില്‍ തനിക്ക് കടുത്ത ദുഃഖമുണ്ടെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി നിരവധി വിമര്‍ശനങ്ങളും അപമാനവും താനും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ അതുപരിഗണിക്കാതെ തന്നെ അപമാനിച്ച ആളുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിലുള്ള അതൃപ്തിയാണ് ട്വിറ്ററിലൂടെ പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാജിവെച്ചതായി പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.

ടോം വടക്കന് പിന്നാലെ മറ്റൊരു ദേശീയ വക്താവുകൂടി കോണ്‍ഗ്രസ് വിടുകയാണ്. കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയിലേക്ക് ചുവടുമാറ്റിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular