കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷ. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. തടിയന്റവിട നസീര്‍ 1.75 ലക്ഷം രൂപ പിഴ ഒടുക്കണം. മറ്റുരണ്ട് പ്രതികള്‍ക്ക് ഒന്നരലക്ഷം രൂപ വീതമാണ് പിഴ. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ. കോടതിയാണ് തിങ്കളാഴ്ച മൂന്നുപ്രതികള്‍ക്കുമുള്ള ശിക്ഷ വിധിച്ചത്.
കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിനു പുറമേ പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി, പറവൂര്‍ സ്വദേശി താജുദ്ദീന്‍ എന്നിവരാണ് കേസിലെ കുറ്റക്കാര്‍. മൂന്നുപേരും എന്‍.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ.എ. അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.
പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാള്‍ മരിച്ചു.