ഹാര്‍ദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കലാപക്കേസിലെ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹാര്‍ദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ കേസിലെ ശിക്ഷ റദ്ദാക്കിയാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവൂ. എന്നാല്‍ ഹാര്‍ദികിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

മെഹ്‌സാന ജില്ലയിലെ വിസ്‌നഗറില്‍ നടന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ വിസ്‌നഗര്‍ സെഷന്‍സ് കോടതി ഹാര്‍ദിക് പട്ടേലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാര്‍ദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ നടപ്പിലാക്കുന്നത് കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്ത് ഹൈക്കോടതി തടയുകയും ഹാര്‍ദികിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിക്ഷാ വിധി റദ്ദാക്കിയിട്ടില്ല.

പട്ടേല്‍ സംവരണ സമരത്തിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക് പട്ടേല്‍ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ ജാംനഗറില്‍ നിന്ന് മത്സരിക്കാനാണ് ഹാര്‍ദിക് ആഗ്രഹിച്ചിരുന്നത്. ഇതിന് അനുമതി തേടിയാണ് ഹാര്‍ദിക് ഹൈക്കോടതിയെ സമീപിച്ചത്. ഹാര്‍ദികിന്റെ ഹര്‍ജിയെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തു. ഹര്‍ജി തള്ളിയതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനാവില്ല.

Similar Articles

Comments

Advertismentspot_img

Most Popular