ധോണി കൂടുതല്‍ റണ്‍സെടുത്താല്‍ ഇന്ത്യ തോല്‍ക്കും..?

ഇന്ത്യന്‍ ടീം ബാറ്റിങ്ങില്‍ തകര്‍ച്ച നേരിടുമ്പോഴെല്ലാം ഒരറ്റത്ത് രക്ഷകനായി അവതരിക്കുന്നു എന്ന കാര്യത്തില്‍ മഹേന്ദ്ര സിങ് ധോണി എന്നും കയ്യടി നേടിയിട്ടുണ്ട്. വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ട്വന്റി20യിലും കണ്ടു, സമാന പ്രകടനം. ബാറ്റിങ്ങില്‍ പാടേ തകര്‍ന്ന് ഇന്ത്യ കൂറ്റന്‍ തോല്‍വിയിലേക്കു നീങ്ങുമ്പോള്‍, ഒരറ്റത്ത് നിലയുറപ്പിച്ചു പൊരുതിയ ധോണിയാണ് ഇന്ത്യയെ കൂടുതല്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ടീം ഒന്നടങ്കം ബാറ്റുവച്ചു കീഴടങ്ങുമ്പോഴെല്ലാം ഒറ്റയാള്‍ പോരാളിയുടെ വേഷമിടുന്ന പതിവുള്ള ധോണി, വെല്ലിങ്ടനിലും ‘പേരു’ കാത്തു. 31 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത ധോണി, ഒന്‍പതാമനായാണ് പുറത്തായത്.

ധോണി ഇന്ത്യയുടെ ടോപ് സ്‌കോററായ ഈ മല്‍സരം കൈവിട്ടതോടെ, നാണക്കേടിന്റെ ഒരു റെക്കോര്‍ഡിലും ആ പേരു വീണു. രാജ്യാന്തര ട്വന്റി20യില്‍ ധോണി ഇന്ത്യയുടെ ടോപ് സ്‌കോററാകുമ്പോള്‍, ടീം തോല്‍ക്കുന്നത് ഇത് അഞ്ചാം തവണയാണ്! ഈ തോല്‍വികളെല്ലാം സാമാന്യം കനത്ത തോല്‍വികളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ധോണി ടോപ് സ്‌കോററായിട്ടും മുന്‍പ് ഇന്ത്യ തോറ്റ നാലു മത്സരങ്ങള്‍ ഇങ്ങനെയാണ്.

2012ലാണ് ധോണി ടോപ്‌സ്‌കോററായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യ ആദ്യമായി തോറ്റത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു അത്. അന്ന് ധോണി പുറത്താകാതെ 48 റണ്‍സെടുത്തെങ്കിലും ഇന്ത്യ 31 റണ്‍സിനു തോറ്റു!

അതേ വര്‍ഷം തന്നെ ഒരിക്കല്‍ക്കൂടി ധോണി ടോപ് സ്‌കോററായ മല്‍സരം ഇന്ത്യ തോറ്റു. ഇക്കുറി ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍, വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ധോണി 38 റണ്‍സെടുത്ത ഈ മല്‍സരത്തില്‍ ടീമിന്റെ തോല്‍വി 31 റണ്‍സിന്!

പിന്നീട് ധോണി ടോപ് സ്‌കോററായ മല്‍സരം ഇന്ത്യ തോല്‍ക്കുന്നത് 2016ലാണ്. എതിരാളികള്‍ ഇന്ന് ഇന്ത്യയെ തകര്‍ത്തുവിട്ട ന്യൂസീലന്‍ഡ് തന്നെ. വേദി നാഗ്പുര്‍. ഇന്ത്യ 47 റണ്‍സിനു തോറ്റ ഈ മല്‍സരത്തില്‍ ധോണി 30 റണ്‍സാണെടുത്തത്. റണ്‍ അടിസ്ഥാനത്തില്‍ നിലവില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ തോല്‍വിയാണിത്.

2017ല്‍ കാണ്‍പുരിലും ധോണി ടോപ് സ്‌കോററായ മല്‍സരം ഇന്ത്യ കൈവിട്ടു. ഇക്കുറി എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. ധോണി 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മല്‍സരം ഏഴു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.

SHARE