തന്റെ സ്ഥാനം അപഹരിച്ചയാള്‍ എന്ന രീതിയില്‍ അശ്വിനെ ഇകഴ്ത്തി കാണിക്കന്നു; ഹര്‍ഭജനെതിരെ ക്രിക്കറ്റ് ഇതിഹാസം

ചണ്ഡീഗഡ്: അശ്വിനെ വിമര്‍ശിച്ച ഹര്‍ഭജന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ഫറൂഖ് എഞ്ചിനീയര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ പരിക്കേറ്റ് കളിക്കാതിരുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഫറൂഖ് എന്‍ജിനീയര്‍ രംഗത്തെത്തിയിരിക്കുന്നത്. അശ്വിന്‍ മികച്ച സ്പിന്നറാണെന്നും അശ്വിനെതിരെ ഹര്‍ഭജന്റെ പ്രസ്താവന വിഴുപ്പലക്കലാണെന്നും ഫറൂഖ് എഞ്ചിനീയര്‍ തുറന്നടിച്ചു. തന്റെ സ്ഥാനം അപഹരിച്ചയാള്‍ എന്ന രീതിയില്‍ അശ്വിനെ ഇകഴ്ത്തി കാണിക്കാനാണ് ഹര്‍ഭജന്‍ ശ്രമിക്കുന്നതെന്ന് ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.
തന്റെ സ്ഥാനം അപഹരിച്ചുവെന്ന് ധോണി റിഷഭ് പന്തിനെതിരെ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ എങ്ങനെയായിരിക്കുമോ അതുപോലെയാണിത്. ഇത് ക്രിക്കറ്റല്ല, ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നോ രണ്ടാം നമ്പര്‍ സ്പിന്നറെന്നോ ഇല്ല. സ്പിന്നറെന്നാല്‍ സ്പിന്നറാണെന്നും ഫറൂഖ് എഞ്ചിനീയര്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റിനുശേഷം അശ്വിന്‍ പരിക്കേറ്റ് പിന്‍മാറിയതിനെതിരെ ഹര്‍ഭജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അശ്വിന് പകരം കളിച്ച ജഡേജയും കുല്‍ദീപ് യാദവും മികവ് കാട്ടിയതിനാല്‍ അശ്വിനെ ഇനി ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറെന്ന് പറയാനാവില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു.
ടീമിന് ആവശ്യമായും വേണ്ടപ്പോഴെല്ലാം അശ്വിന് പരിക്കേല്‍ക്കുന്നത് പതിവാണെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു. കുല്‍ദീപിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറായും ജഡേജയെ രണ്ടാം നമ്പര്‍ സ്പിന്നറായും പരിഗണിക്കണമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു.
കുല്‍ദീപും ജഡേജയും കഠിനമായി പരിശ്രമിക്കുന്നവരാണെന്നും അതിന്റെ ഫലം അവര്‍ നല്‍കുന്നുണ്ടെന്നും വിദേശത്ത് മാത്രമല്ല ഇന്ത്യയിലും അവരെ എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഫറൂഖ് എഞ്ചിനീയര്‍ രംഗത്തെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular