പണിമുടക്ക് : തിരുവനന്തപുരത്ത് എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിനു നേര്‍ക്ക് അക്രമം

തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിനു നേര്‍ക്ക് അക്രമം. മനേജരുടെ മുറിയിലെ കമ്പ്യൂട്ടറും ജനല്‍ ചില്ലുകളും ടേബിളും അടിച്ചുതകര്‍ത്തു. ഫോണും തകര്‍ത്തിട്ടുണ്ട്. സമരപ്പന്തലിന് അടുത്താണ് ഈ ബ്രാഞ്ച്. സംഭവത്തില്‍ മാനേജര്‍ കന്റോണ്‍മെന്റ് പോലീസിന് പരാതി നല്‍കി. അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ബാങ്കിലേക്ക് കയറി വന്ന സമരക്കാര്‍ കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പറയുന്നു.
പണിമുക്കില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കില്ലെന്നും അക്രമസംഭവങ്ങള്‍ ഉണ്ടാവില്ലെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ നല്‍കിയ ഉറപ്പ് കാറ്റില്‍പറത്തിയാണ് അക്രമം. ഇന്നലെ പലയിടത്തും കടകള്‍ അടപ്പിക്കാന്‍ വ്യാപകമായ ശ്രമം നടന്നിരുന്നു.
ഈ ബ്രാഞ്ച് ഇന്നലെയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു രാവിലെ ബാങ്ക് തുറന്നതിനു പിന്നാലെ ഒരു പറ്റം സമരാനുകൂലികള്‍ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി ബാങ്ക് അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാനേജരുടെ മുറിയിലേക്ക് എത്തി അക്രമം നടത്തുകയായിരുന്നു. ഈ സമയം സമരാനുകൂലികള്‍ ഒഴികെ പകുതിയോളം ജീവനക്കാര്‍ ബാങ്കില്‍ ഇന്നുണ്ടായിരുന്നു.ബാങ്ക് അടക്കാന്‍ വിസമ്മതിച്ചതിന് മാനേജരുടെ നേരെ കയ്യേറ്റമുണ്ടായി. അക്രമങ്ങളില്‍ ഭയന്നുപോയ ജീവനക്കാര്‍ പുറത്തിറങ്ങി. കയ്യേറ്റമുണ്ടായ സാഹചര്യത്തില്‍ ഭയമുണ്ടെന്നും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടെന്നും മാനേജറും ജീവനക്കാരും വ്യക്തമാക്കി.
ഇന്നലെ ബാങ്കിനു നേര്‍ക്ക് ഒരു പ്രകോപനവുമുണ്ടായിരുന്നില്ല. ബാങ്കിനു സെക്യുരിറ്റിയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് സുരക്ഷ കാര്യമായി ഉണ്ടായിരുന്നില്ല. അക്രമം ഉണ്ടായതോടെ പോലീസ് ബാങ്കിന് സുരക്ഷ ഏര്‍പ്പെടുത്തി.
ഡിസിപി അടക്കമുള്ള പോലീസ് ഉന്നതര്‍ സ്ഥലത്തെത്തി ബാങ്ക് മാനേജരില്‍ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്നും അക്രമികളെ അറസ്റ്റു ചെയ്യുമെന്നും ഡിസിപി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു. ബ്രാഞ്ചിനു സമീപം പോലീസിനെ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും ഡിസിപി അറിയിച്ചു.
രാവിലെ 10.15 ഓടെ 1015 പേര്‍ അടങ്ങുന്ന സംഘം മുകള്‍ നിലയിലെ ബ്രാഞ്ച് അടപ്പിച്ച ശേഷമാണ് തന്റെ മുറിയിലേക്ക് തള്ളിക്കയറി വന്നതെന്ന് മാനേജര്‍ പറഞ്ഞു. മുകള്‍ നിലയില്‍ ബഹളം നടന്നയുടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചിരുന്നു. ബാങ്ക് അധികൃതരേയും വിവരം അറിയിച്ചിട്ടുണ്ട്. അവര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നുംമാനേജര്‍ അറിയിച്ചു.
അതേസമയം, അക്രമം നടത്തിയവര്‍ പ്രദേശവാസികള്‍ തന്നെയാണെന്നും ഇന്നലെ സമരപ്പന്തലില്‍ ഉണ്ടായിരുന്നവരാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഇവരുടെ മുഖം വ്യക്തമായി ലഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7