കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്; സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധം

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ വെടിവയ്പ്. കൊച്ചി പനമ്പള്ളി നഗറിലെ സിനിമാ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പ്. വൈകിട്ട് മൂന്നരയ്ക്കു ബൈക്കിലെത്തിയ രണ്ടുപേരാണു വെടിവച്ചത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കു പണം ആവശ്യപ്പെട്ടു പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക നേതാവ് രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. അക്രമികളുടെ ലക്ഷ്യം ഭീക്ഷണിപ്പെടുത്തലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന നേരത്തെ പോലീസ് പിടിയിലായിരുന്നു.
പനമ്പള്ളി നഗറിലെ വാക് വേയ്ക്ക് സമീപമുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറിലാണ് സംഭവം. ഈ സ്ഥാപനത്തിനോട് ചേര്‍ന്നാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ് പ്രവര്‍ത്തിക്കുന്നത്. ആ സമയത്ത് ബ്യുട്ടി പാര്‍ലറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി ഉതിര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം.
ഉടമ ലീനാ പോളിന് നേരത്തെ 25 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും അധോലോക നായകന്‍ രവി പൂജാരെയുടെ ആളുകളെന്ന്് പറഞ്ഞായിരുന്നു ഭീഷണിയെന്നും ലീനാ പോള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു കടലാസ് സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
നടി ലീന മരിയ പോളിന്റേതാണു സ്ഥാപനം. ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവര്‍. സംഭവസമയത്തു ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാര്‍ലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുത്തു.

pathram:
Related Post
Leave a Comment