പെര്‍ത്ത് ടെസ്റ്റ്: അവിശ്വസനീയം , അസാധാരണം, കോഹ് ലിയുടെയും രഹാനയുടെയും പ്രകടനം കണ്ട് കണ്ണ് തള്ളി ഓസീസ്

പെര്‍ത്ത്: കോഹ് ലിയുടെയും രഹാനയുടെയും പ്രകടനം കണ്ട് കണ്ണ് തള്ളി ഓസീസ്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് ഒസീസിന്റെ മുന്‍ താരങ്ങളെ അത്ഭുതപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചത്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ അജിങ്ക്യ രഹാനെയും മാണ് താരങ്ങള്‍. ഇരുവരെയും പ്രശംസിച്ച് ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യ കാട്ടിയ പോരാട്ടം വലിയ പ്രശംസ അര്‍ഹിക്കുന്നു. കോലി അവിശ്വസനീയമാം വിധം ബാറ്റ് വീശിയപ്പോള്‍ രഹാനെ അസാധാരണ പ്രകടനം കാഴ്ച്ചവെച്ചു’ എന്നും ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.
മുന്‍ താരം ഡീന്‍ ജോണ്‍സും കോലി- രഹാനെ കൂട്ടുകെട്ടിനെ പ്രശംസിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്ട്രേലിയയുടെ 326 റണ്‍സ് പിന്തുടരവെ എട്ട് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറികളുമായി ഇരുവരും ഇന്ത്യയുടെ മതില്‍ കെട്ടി. 24 റണ്‍സെടുത്ത പൂജാരയെയും നഷ്ടമായതോടെ ഇന്ത്യക്ക് 82 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ നാലാം വിക്കറ്റില്‍ പുറത്താകാതെ 90 റണ്‍സ് കൂട്ടുകെട്ടിലൂടെ കോലിയും രഹാനെയും ഇന്ത്യയെ കരകയറ്റി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കോലി 181 പന്തില്‍ 82 റണ്‍സുമായും രഹാനെ 103 പന്തില്‍ 51 റണ്‍സുമായും ക്രീസിലുണ്ട്.

pathram:
Related Post
Leave a Comment