വാട്സാപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു. വാട്സാപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് നീരജ് അറിയിച്ചത്. ഏഴ് വര്‍ഷക്കാലമായി വാട്സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. വാട്സാപ്പില്‍ നിന്നും മാറാന്‍ സമയമായി എല്ലാ ദിവസവും വിവിധ രീതികളില്‍ ആപ്പ് ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ട്. നീരജ് പറഞ്ഞു. കഴിവുറ്റ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചുവെന്നും അതിയായ ശ്രദ്ധയിലൂടെ ആയിരങ്ങള്‍ ഇഷ്ടപ്പെടുന്ന മാന്ത്രികമായ ഒന്ന് സൃഷ്ടിക്കപ്പെടുന്നത് കാണാന്‍ തനിക്ക് സാധിച്ചു. ലളിതവും സുരക്ഷിതവും വിശ്വസ്തവുമായ ആശയവിനിമയ സംവിധാനം എന്ന നിലയില്‍ വാട്സാപ്പ് ഇനിയുമേറെ മുന്നോട്ട് പോവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എന്താണ് അടുത്ത ലക്ഷ്യമെന്ന് നീരജ് വ്യക്തമാക്കിയില്ല. ഒരു ഇടവേളയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.