ആരാധകരുടെ കാത്തിരിപ്പിനു വിരാമം; മമ്മൂട്ടിയുടെ ദുല്‍ഖറും ഒന്നിക്കുന്നു

ആരാധകരുടെ കാത്തിരിപ്പിനു വിരാമം ആയി മമ്മൂട്ടിയും ദുല്‍ഖരും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.വേദികളിലും മറ്റ് ചടങ്ങുകളിലും ദുല്‍ഖറിനേയും മമ്മൂട്ടിയയേും ഒരുമിച്ച് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആരാധകലോകം ഒരുപോലെ ചോദിക്കുന്ന ചോദ്യമുണ്ട്. സിനിമയ്ക്കായി ഇരുവരും എന്നാണ് ഒരുമിക്കുന്നതെന്ന്, മികച്ച തിരക്കഥ ലഭിച്ചാല്‍ അത് സംഭവിക്കുമെന്ന് ഇരുവരും ഒരുപോലെ പറഞ്ഞിരുന്നു. ഇരുവരേയും ഒരുമിപ്പിക്കാനായി പല സംവിധായകരും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയിരുന്നില്ല. ഇന്നും മോഹമായി അവശേഷിക്കുകയാണ് ഇക്കാര്യം.
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇരുവരും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ നിരവധി തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇക്കാര്യത്തിന് പിന്നിലെ വിശ്വാസ്യതയെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ഉലകനായകന്‍ കമല്‍ഹസന്റെ ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായ ഷങ്കറിന്റെ ഇന്ത്യന്‍ 2 ന് വേണ്ടിയാണ് മെഗാസ്റ്റാറും കുഞ്ഞിക്കയും ഒരുമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാളുകള്‍ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക് എത്തുകയാണ്. മലയാളത്തിന് പിന്നാലെ തമിഴിലേക്കെത്തിയപ്പോള്‍ സ്വീകാര്യതയിലും ഏറെ മുന്നിലായിരുന്നു ഈ താരപുത്രന്‍. ഇടവേള അവസാനിപ്പിച്ച് ദുല്‍ഖര്‍ വീണ്ടും തമിഴകത്തേക്ക് എത്തുകയാണ് ഈ ചിത്രത്തിലൂടെ. മണിരത്‌നത്തിന്റെ ഓകെ കണ്‍മണിക്ക് ശേഷം തമിഴിലേക്കെത്തുന്ന താരപുത്രന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്തവണ ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ത്തന്നെ ഈ സിനിമ യാഥാര്‍ത്ഥ്യമാവണമെന്ന ആഗ്രഹമാണ് ആരാധകര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.
എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി മമ്മൂട്ടിയും ഈ ചിത്രത്തിലേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കമല്‍ഹസന്‍ അവതരിപ്പിക്കുന്ന സേനാപതിയെ കീഴടക്കാനായെത്തുന്ന പോലീസ് ഓഫീസറായാണ് അദ്ദേഹം എത്തുന്നതെന്നും പറയപ്പെടുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ഇക്കാര്യത്തിനായി കാത്തിരിക്കുകയാണ്.
സിനിമയെക്കെുറിച്ചുള്ള വിവരങ്ങളെല്ലാം ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. ഇത്തവണയെങ്കിലും മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുമോയെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്രണവിന് ലഭിച്ച പോലുള്ള ഭാഗ്യം ഇത്തവണ ദുല്‍ഖറിന് ലഭിക്കുമോയെന്നറിയാനായാണ് അവര്‍ കാത്തിരിക്കുന്നത്. ആദിയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇത്തവണ അത് സംഭവിക്കുമോയെന്നറിയാനായി നമുക്കും കാത്തിരിക്കാം.

SHARE