ഡബ്ല്യുസിസി അമ്മ പോര് ; മഞ്ജു വാര്യരുടെ നിലപാട് എന്ത് ? മഞ്ജു എവിടെപ്പോയി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘടനയാണ് ഡബ്ല്യുസിസി . എന്നാല്‍ ഇപ്പോല്‍ ഡബ്ല്യുസിസി അമ്മ പോര് മുറുകുന്നതിനിടയില്‍ വനിതാ കൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മഞ്ജു വാര്യരുടെ നിലപാട് എന്ത് എന്ന് ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി സിനിമയിലെ വനിതാ കൂട്ടായ്മ വേദികളില്‍ മഞ്ജു ഇല്ല. കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടന്ന ഡബ്ല്യുസിസി വാര്‍ത്ത സമ്മേളനത്തിലും മഞ്ജു എത്തിയില്ല.
മഞ്ജു പിന്നീട് എവിടെ പോയി എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ഡബ്ല്യുസിസി സംഘടന രണ്ട് ദിവസം മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നില്ല. പത്രസമ്മേളനത്തെക്കുറിച്ചും മഞ്ജു എന്തുകൊണ്ടു പങ്കെടുത്തില്ല എന്നതിനെ കുറിച്ചും ഉയര്‍ന്ന ചേദ്യങ്ങള്‍ക്ക് മറുപടിയുമായി നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ് രംഗത്തെത്തി.
ഡബ്ല്യുസിസിക്ക് മറുപടിയായി നല്‍കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം. ‘മഞ്ജു വാര്യര്‍ ഇപ്പോഴും അമ്മയുടെ സജീവ പ്രവര്‍ത്തകയും അമ്മയുടെ മെമ്പറുമാണ്. ഞങ്ങള്‍ മഞ്ജു വാരിയരുമായി കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. പുതിയ സിനിമകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ജു നല്ല സുഹൃത്താണ്, അമ്മ അംഗങ്ങളുമായും നല്ല അടുപ്പമാണുള്ളത്.’
‘ഞാനും ആലോചിച്ചു, ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വരാത്തതെന്തെന്ന്. ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം. മഞ്ജു എവിടെപ്പോയി. എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവര്‍ക്കും ആ സംശയം ഉണ്ടായിക്കാണും. മഞ്ജു വാരിയരെ മുന്നില്‍ നിര്‍ത്തിയായിരുന്നല്ലോ ഡബ്ല്യുസിസിയുടെ തുടക്കം. എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത്.’ സിദ്ദിഖ് ചോദിക്കുന്നു. ഇതേ സമയം മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുമായി സഹകരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കുവാന്‍ ഡബ്ല്യുസിസിയും തയ്യാറായിട്ടില്ല.

pathram:
Leave a Comment